ബെംഗളൂരു: കുടകിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി കർണാടക സർക്കാർ. കുടക് ജില്ലയിലെ കുശാൽ നഗർ ടൗണിനു സമീപമുള്ള ഹാരങ്കി അണക്കെട്ടിനടുത്ത് ആധുനിക അക്വേറിയം നിർമിക്കും. ഇതിനായി പത്തുകോടി രൂപ അനുവദിച്ചു. ജില്ലാ ഫിഷറീസ് വകുപ്പിനാണ് തുക അനുവദിച്ചത്.
അണക്കെട്ട് വളപ്പിലെ ജലസേചനവകുപ്പിന്റെ ഭൂമിയിലാണ് ലോകോത്തര നിലവാരത്തിലുള്ള അക്വേറിയം നിർമിക്കുകയെന്ന് മടിക്കേരി എംഎൽഎ മന്തർ ഗൗഡ അറിയിച്ചു. അക്വേറിയം നിലവിൽവന്നാൽ ഹാരങ്കി അണക്കെട്ടും ആനക്യാമ്പും സന്ദർശിക്കാൻ കൂടുതൽ വിനോദസഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ.
അണക്കെട്ടിനു മുന്നിലുള്ള ജലസേചനവകുപ്പിന്റെ ഭൂമി പദ്ധതിക്കായി ഫിഷറീസ് വകുപ്പിന് കൈമാറും. ഇതിനായുള്ള സർവേ നടത്തിക്കഴിഞ്ഞു. ഫിഷറീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും പദ്ധതിക്ക് അനുമതിനൽകുകയും ചെയ്തതായി എംഎൽഎ അറിയിച്ചു.
കുടക് ജില്ലയിൽ പുതുതായി 23 സഞ്ചാരകേന്ദ്രങ്ങൾകൂടി വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. ഓരോ വർഷവും ജില്ലയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂടുന്നതിനാലാണിത്. കനത്ത മഴയ്ക്കിടയിലും ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ ജില്ല സന്ദർശിച്ചത് 10.5 ലക്ഷം വിനോദസഞ്ചാരികളാണ്.
കഴിഞ്ഞവർഷം കാഴ്ചകാണാനെത്തിയത് 45 ലക്ഷം പേരും. കോവിഡിനുശേഷം ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് കഴിഞ്ഞവർഷമാണ്. കേരളത്തിലേക്കുള്ള കണ്ണൂർ മാക്കൂട്ടം ചുരം-കൂട്ടുപുഴ, വയനാട്ടിലേക്കുള്ള കുട്ട-തോൽപ്പെട്ടി അന്തസ്സംസ്ഥാനപാതകളുടെ നവീകരണം പൂർത്തിയായാൽ കുടകിലേക്കുള്ള സഞ്ചാരികൾക്കുള്ള യാത്രാസൗകര്യം വർധിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.