ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുടെ ആത്മഹത്യ; കൂടുതൽ വിവരങ്ങൾ പുറത്ത് 

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പതിനെട്ടു വയസ്സുകാരി ജീവനൊടുക്കിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

തന്റെ മരണത്തിന് ആരും ഒന്നും ചെയ്തിട്ടില്ലെന്നും ഈ ലോകത്ത് ജീവിക്കേണ്ടെന്നും മുറിയില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

ബിനോയിയോടു പറയണം സന്തോഷമായിരിക്കാന്‍. ഇനി തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ സാധിക്കില്ലയെന്നും കുറിപ്പിലുള്ളതായി പോലീസ് പറഞ്ഞു.

കൗണ്‍സിലിങ്ങിനു വിധേയയായി പെണ്‍കുട്ടി രണ്ടു മാസമായി മരുന്നു കഴിച്ചുവരികയായിരുന്നു.

ബിനോയിയുടെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞതിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.

ഇൻസ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടി ബിനോയിയുമായി പ്രണയത്തിലാകുന്നത്.

രണ്ടുവർഷത്തോളം ഇവർ പ്രണയത്തിലായിരുന്നു.

ഈ സമയത്ത് റിസോർട്ടില്‍ വച്ചും വീട്ടില്‍ വച്ചും പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിട്ടുണ്ട് എന്നാണ് പോലീസ് കണ്ടെത്തല്‍.

കൂടാതെ പെണ്‍കുട്ടിക്ക് ഗർഭചിദ്രം നടത്തുന്നതിനായി ഗുളികകളും വാങ്ങി നല്‍കിയിട്ടുണ്ട്.

അറസ്റ്റിലായ സുഹൃത്ത് ബിനോയിയെ (21) മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

തിരുവനന്തപുരം പോക്‌സോ കോടതിയുടെതാണ് നടപടി. കൂടുതല്‍ അന്വേഷണം നടത്താനും പെണ്‍കുട്ടിയെ കൊണ്ടുപോയ വാഹനങ്ങള്‍ കണ്ടെത്താനും മറ്റിടങ്ങളില്‍ തെളിവെടുപ്പ് നടത്താനും മൂന്നു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്.

അതേസമയം, മറ്റാരെയോ രക്ഷിക്കാന്‍ വേണ്ടി ബിനോയിയെ കേസില്‍ കുടുക്കിയതാണെന്ന് പ്രതിഭാഗം വാദിച്ചു.

വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന ഇവര്‍ 5 മാസം മുന്‍പ് തമ്മില്‍ പിരിഞ്ഞു.

ഇതിനുശേഷം പെണ്‍കുട്ടിക്കു നേരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണമുണ്ടായി.

ബിനോയിയുടെ സുഹൃത്തുക്കളാണ് ഇതിനു പിന്നിലെന്നാണ് പറയുന്നത്. 18 വയസാകുന്നതിനു മുന്‍പ് പെണ്‍കുട്ടിയെ പീഡിപ്പിച്ച സാഹചര്യത്തിലാണ് ബിനോയിക്കെതിരെ പോക്‌സോ ചുമത്തിയിരിക്കുന്നത്.

അനധികൃതമായി ഗര്‍ഭഛിദ്രം നടത്തിയതിന് 312-ാം വകുപ്പും ചുമത്തിയിട്ടുണ്ട്.

ബിനോയിയുമായി പിരിഞ്ഞതിനെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്ന പെണ്‍കുട്ടി ഈ മാസം 10നു രാത്രിയാണ് വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന കുട്ടി 16നാണ് മരിച്ചത്.

പോക്‌സോ ചുമത്തി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ബിനോയിയെ സിജെഎം കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരുന്നു.

ബിനോയിയുടെ ഫോണില്‍നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് പോലീസില്‍ അറിയിച്ചു.

ജീവനൊടുക്കുന്നതിന്റെ തലേദിവസം അമ്മയ്‌ക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ വീട് മാറണമെന്നല്ലാതെ പെണ്‍കുട്ടി മറ്റൊന്നും പറഞ്ഞിരുന്നില്ല. മുറിയില്‍ വാതിലടച്ച്‌ ഇരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us