ബെംഗളൂരു: തിരുവോണത്തോടനുബന്ധിച്ച് മലയാളി യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി കർണാടക ആർടിസി പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതൽ 30 വരെയാകും ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നുള്ള ഓണം സ്പെഷൽ ബസുകൾ സർവീസ് നടത്തുക.
ബെംഗളൂരുവിലെ ശാന്തിനഗർ, സാറ്റലൈറ്റ് ബസ് ടെർമിനലുകളിൽ നിന്നാണ് പ്രധാനമായും സ്പെഷൽ സർവീസുകൾ ആരംഭിക്കുന്നത്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിലെ പ്രധാന നഗരങ്ങളിലേക്കും വിവിധ ജില്ലകളിലേക്കുമാണ് കൂടുതൽ ബസുകൾ അനുവദിച്ചിരിക്കുന്നത്.
ഓണം പ്രമാണിച്ച് നാട്ടിലേക്ക് പോകുന്നവർക്കും തിരികെ വരുന്നവർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി കർണാടക ആർടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ksrtc.in സന്ദർശിക്കാവുന്നതാണ്.
