ബെംഗളൂരു: കര്‍ണാടക-മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പുതിയ തലത്തിലേക്ക്. നിയമനടപടികള്‍ ഏകോപിപ്പിക്കാന്‍ രണ്ടു മന്ത്രിമാരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ നിയോഗിച്ചതോടെയാണ് ഇത്.
ചന്ദ്രകാന്ത് പാട്ടീല്‍, ശംഭുരാജ് ദേശായി എന്നിവരെയാണ് നിയോഗിച്ചത്.
1960ല്‍ മഹാരാഷ്ട്ര സ്ഥാപിതമായതു മുതല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബെളഗാവി (ബെല്‍ഗാം) ജില്ലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കം നിലനിൽക്കുന്നുണ്ട്. ബെളഗാവിയില്‍ 70 ശതമാനത്തോളം മറാത്ത സംസാരിക്കുന്നവരാണ്. മുതിര്‍ന്ന അഭിഭാഷകനായ വൈദ്യനാഥന്‍റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര സുപ്രീംകോടതിയില്‍ കേസ് നടത്തുന്നുണ്ട്.
ബെളഗാവിയെ മഹാരാഷ്ട്രയുടെ ഭാഗമാക്കുന്നതില്‍ ബാല്‍ താക്കറെ തന്നെ മുന്നിലുണ്ടായിരുന്നുവെന്നും ഇതിനായുള്ള നിയമപോരാട്ടം ശക്തമാക്കുമെന്നും കൂടുതല്‍ അഭിഭാഷകരെ നിയോഗിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു. ഉടന്‍തന്നെ പ്രധാനമന്ത്രി മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കാണുമെന്നും അദ്ദേഹം പറഞ്ഞു.
തര്‍ക്കപ്രദേശങ്ങളില്‍ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ദൈനംദിന കാര്യങ്ങളില്‍ മറാത്ത ഉപയോഗിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിത്തരാനും കര്‍ണാടക സര്‍ക്കാറുമായി ആശയവിനിമയം നടത്തണമെന്ന് ബെളഗാവിയിലെ ജനങ്ങളോട് ഷിന്‍ഡെ നിര്‍ദേശിച്ചു. അതേസമയം, അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ കഴിവുള്ള സര്‍ക്കാറാണ് തന്‍റേതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.
തര്‍ക്കം മഹാരാഷ്ട്ര രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ആര് അധികാരത്തില്‍ വന്നാലും അവര്‍ക്ക് ഇതുവരെ വിജയിക്കാനായിട്ടില്ലെന്നും ബൊമ്മൈ പറഞ്ഞു. മുകുള്‍ രോഹതഗി, ശ്യാം ദിവാന്‍ തുടങ്ങിയ പ്രമുഖ അഭിഭാഷകരുടെ നേതൃത്വത്തിലുള്ള നിയമസംഘത്തെ കര്‍ണാടക നിയോഗിച്ചിട്ടുണ്ട്. ഇവരുമായി കഴിഞ്ഞ ചൊവ്വാഴ്ച യോഗം ചേര്‍ന്നിരുന്നുവെന്നും മഹാരാഷ്ട്ര പുതുതായി നല്‍കിയ അപേക്ഷ പരിഗണിക്കരുതെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെടുമെന്നും ബൊമ്മൈ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.