ബെംഗളൂരു: ഏതാനും ദിവസങ്ങൾക്ക് മുൻപ് നഗരത്തിൽ ബംഗ്ലദേശി യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.
പ്രതികളെ ചോദ്യം ചെയ്തതിലൂടെയാണ് കൂടുതല്‍ വിവരങ്ങൾ പുറത്ത് വന്നത്. ഇതിൽ അറസ്റ്റിലായ പ്രധാന പ്രതിയായ ഷോബുജില്‍നിന്നാണ് പൊലീസിന് സെക്സ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
അഞ്ഞൂറിലേറെ പെണ്‍കുട്ടികളെ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയിലേക്കു മാത്രം ഇവര്‍ കടത്തിയിട്ടുണ്ട്. ഏകദേശം 50 പേരടങ്ങിയ രാജ്യാന്തര സംഘമാണിത്.
റാഫിഖ് അശ്‌റഫുള്‍ എന്ന വ്യക്തിയുടെ സഹായത്തോടെയാണ് അതിര്‍ത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇന്ത്യയിലേക്ക് പെണ്‍കുട്ടികളെ കടത്തുന്നതെന്നും പൊലീസ് വെളിപ്പെടുത്തി. അതിനിടെ ടിക് ടോക്കിലൂടെയും പെണ്‍കുട്ടികളെ വശീകരിച്ച് ബംഗ്ലദേശില്‍നിന്ന് ഇന്ത്യയിലേക്കു കടത്തുകയാണെന്ന വിവരവും പൊലീസിനു ലഭിച്ചു.
“ഒട്ടേറെ ടിക് ടോക് ഉപയോക്താക്കള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ബംഗ്ലദേശിലുള്ള ഇവരെ കര്‍ശനമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്” റാപിഡ് ആക്‌ഷന്‍ ബറ്റാലിയന്‍ വക്താവ് എഎന്‍എം ഇമ്രാന്‍ ഖാന്‍ വിദേശ മാധ്യമത്തോടു പറഞ്ഞു. ഇത്തരക്കാരെ നിരീക്ഷിക്കാനാണ് ബംഗ്ലദേശ് സര്‍ക്കാരിന്റെയും തീരുമാനം എന്നാണ് റിപ്പോർട്ട്.
പിടിയിലായ യുവതികളില്‍നിന്നുള്‍പ്പെടെ ഇതു സംബന്ധിച്ച നിര്‍ണായക വിവരം ലഭിച്ചിട്ടുണ്ട്. നഗരത്തിൽ പിടിയിലായ ടിക് ടോക് ഹൃദോയ് എന്നയാളുടെ കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട് ബംഗ്ലദേശിലെത്തിയ പെണ്‍കുട്ടിയാണ് നിര്‍ണായക വിവരം പുറത്തുവിട്ടത്.
ഇരുപത്തിരണ്ടുകാരിയായ മറ്റൊരു ബംഗ്ലദേശി യുവതിയെ പീഡിപ്പിച്ച വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് ഇയാള്‍ അടുത്തിടെ അറസ്റ്റിലായത്. ടിക് ടോക്കില്‍ വിഡിയോകള്‍ തയാറാക്കുന്നതില്‍ ഇയാൾ മിടുക്കനായിരുന്നു.
ഇയാളുടെ പക്കൽനിന്ന് രക്ഷപ്പെട്ട ബംഗ്ലദേശി യുവതി ഇയാളുടെ ടിക് ടോക്ക് വിഡിയോകള്‍ കണ്ടാണ് ആദ്യമായി പരിചയപ്പെട്ടത്. “2021 ഫെബ്രുവരിയില്‍ അയാള്‍ക്കൊപ്പം ഇന്ത്യയിലേക്കു കടന്നു. ജോലി വാഗ്ദാനം ചെയ്തെങ്കിലും എത്തിപ്പെട്ടത് മോശം സാഹചര്യത്തിലേക്കായിരുന്നു.” തിരികെ രക്ഷപ്പെട്ട് ധാക്കയിലെത്തിയ പെണ്‍കുട്ടി വെളിപ്പെടുത്തി.
ഇവർ ഇന്ത്യയിലെത്തിയാല്‍ ബംഗാളിലെ ഹൗറയില്‍ എത്തിക്കും. തുടര്‍ന്ന് കുറച്ചു ദിവസം അവിടെ താമസിപ്പിക്കും. ഇതിനിടയില്‍ ഇവര്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റും സംഘടിപ്പിക്കുകയും പിന്നീട് സംഘങ്ങളായി തിരിച്ച് വിവിധ നഗരങ്ങളിലേക്ക് അയയ്ക്കും.
തൊഴില്‍ നല്‍കാമെന്ന വ്യാജേനയാണ് ഇവരെ എത്തിക്കുന്നതെന്നും എന്നാല്‍ പിന്നീട് വേശ്യാവൃത്തിക്കു നിര്‍ബന്ധിതരാക്കുകയാണെന്നും പൊലീസ് അറിയിച്ചു. നൂറുകണക്കിന് സ്ത്രീകളാണ് മനുഷ്യക്കടത്തിലൂടെ ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് കസ്റ്റഡിയിലായ പെണ്‍കുട്ടികളിലൊരാള്‍ പൊലീസിന് മൊഴി നല്‍കിയത്.
കഴിഞ്ഞ ദിവസം ബെംഗളൂരു ആസ്ഥാനമാക്കി പൊലീസ് നടത്തിയ റെയ്ഡില്‍ നാലു പേരെ അറസ്റ്റു ചെയ്യുകയും അഞ്ചു വയസ്സുകാരി ഉള്‍പ്പെടെ ഏഴോളം പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തു.
ആധാര്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെ 46ഓളം രേഖകളും പിടിച്ചെടുത്തു. ടിക് ടോക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്തി ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങളിലെക്ക് കടത്തുന്ന മനുഷ്യകടത്തു സംഘത്തിലെ 11 പേരെ കഴിഞ്ഞ ദിവസം ധാക്ക പൊലീസ് അറസ്റ്റു ചെയ്തിരുന്നു. നഗരത്തിൽ ബംഗ്ലദേശി പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയാവുകയും അവരെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ 3 യുവതികള്‍ ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റിലായിരുന്നു. പെണ്‍കുട്ടി മനുഷ്യക്കടത്തിലൂടെ എത്തിയതാണെന്ന കണ്ടെത്തലാണ് അന്വേഷണം ധാക്കയില്‍ എത്തിച്ചത്.
തുടര്‍ന്ന് ബംഗ്ലദേശ് റാപ്പിഡ് ആക്‌ഷന്‍ ഫോഴ്സ് നടത്തിയ അന്വേഷണത്തില്‍ ഒന്‍പതു പേരെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. 2019 മുതല്‍ ടിക്ടോക് ബംഗ്ലദേശില്‍ വ്യാപകമാണെന്നും ഇതിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട് മോഡലുകളും മറ്റും ആക്കാമെന്ന വ്യാജേനെയാണ് വിവിധ രാജ്യങ്ങളിലേക്ക് കടത്തുന്നതെന്നും ബംഗ്ലദേശ് പൊലീസ് വെളിപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.