ബെംഗളൂരു: മകന് അഭിനയരംഗത്ത് മികച്ച സാധ്യതകളുണ്ടെന്ന് ധരിപ്പിച്ച് പ്രമുഖ ഐ.ടി. കമ്പനിയിൽ സോഫ്റ്റ്‌വേർ എൻജിനിയർമാരായ ദമ്പതിമാരെ പറ്റിച്ച് തട്ടിയെടുത്തത് 16.7 ലക്ഷം രൂപ.
വൈറ്റ്ഫീൽഡ് സ്വദേശികളായ ദമ്പതിമാരാണ് തട്ടിപ്പിന് ഇരയായത്. മോഡലിങ് ഏജൻസി നടത്തുകയാണെന്ന് പരിചയപ്പെടുത്തി ഫോണിൽ വിളിച്ചവരാണ് ഒരുവർഷത്തിനിടെ പലതവണയായി പണം തട്ടിയെടുത്തത്.
തങ്ങൾ മോഡലിങ് എജൻസി നടത്തുകയാണെന്നും മകന് അവസരമൊരുക്കാമെന്നും അറിയിച്ച് കഴിഞ്ഞവർഷം നവംബറിലാണ് അപൂർവ അശ്വിൻ, ജാനിസ് എന്നീ പേരുകളിൽ പരിചയപ്പെടുത്തിയവർ ദമ്പതിമാരെ വിളിക്കുന്നത്. കുട്ടിയുടെ ചിത്രങ്ങൾ കണ്ടെന്നും അഭിനയരംഗത്ത് മികച്ച സാധ്യതകളുണ്ടെന്നും ഇവർ ദമ്പതിമാരെ ധരിപ്പിച്ചിരുന്നു.
മകനെ ഒരു ബിസ്‌ക്കറ്റ് കമ്പനിയുടെ പരസ്യത്തിൽ അഭിനയിപ്പിക്കാമെന്നും കുട്ടിയുടെ കൂടുതൽ വീഡിയോകൾ അയയ്ക്കാനും ഇവർ ആവശ്യപ്പെട്ടു. വീഡിയോകൾ അയച്ചതോടെ രജിസ്ട്രേഷൻ ഫീസായി 1.4 ലക്ഷം രൂപ അയയ്ക്കാൻ ഇവർ ആവശ്യപ്പെട്ടു.
ഇവർ നൽകിയ അക്കൗണ്ട് നമ്പറിൽ ദമ്പതിമാർ പണം നിക്ഷേപിക്കുകയുംചെയ്തു. പിന്നീട് പലവട്ടം കുട്ടിക്കുള്ള വസ്ത്രങ്ങളും മറ്റ് വസ്തുക്കളും വാങ്ങാനായി വിവിധ അക്കൗണ്ടുകളിലായി 16,69,400 രൂപകൂടി ദമ്പതിമാർ നൽകുകയായിരുന്നു.
ലോക്ഡൗണിൽ ഇളവുകൾ ലഭിച്ചശേഷം പരസ്യചിത്രീകരണം തുടങ്ങുമെന്നാണ് ഇവർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഇവരുടെ മൊബൈൽ സ്വിച്ച് ഓഫായി.
സംശയംതോന്നിയ ദമ്പതികൾ അന്വേഷിച്ചതോടെയാണ് ഇത്തരമൊരു സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്ന് വ്യക്തമായത്. ഇതോടെ പോലീസിൽ പരാതിനൽകുകയായിരുന്നു.
ഫോൺ നമ്പറുകളും ബാങ്ക് അക്കൗണ്ട് നമ്പറുകളും ഉപയോഗിച്ച് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുതുടങ്ങിയതായി വൈറ്റ്ഫീൽഡ് പോലീസ് വെളിപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.