വീടുകളിൽ ഒറ്റപ്പെട്ടുപോയ രോഗികൾക്ക് ഭക്ഷണമെത്തിച്ച് മലയാളികളടങ്ങുന്ന കൂട്ടായ്മ

ബെംഗളൂരു: നഗരത്തിൽ ലോക്ഡൗൺ കാലത്ത് കോവിഡ് രോഗികൾക്ക് ഭക്ഷണം പാകംചെയ്ത് വീടുകളിലെത്തിച്ചു നൽകുകയാണ് മലയാളികളുൾപ്പെട്ട ‘കൊറോണ കെയർ ബെംഗളൂരു’ എന്ന പേരിൽ നഗരത്തിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന കൂട്ടായ്മ.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തയ്യാറാക്കി രണ്ടു നേരത്തെ ഭക്ഷണമാണ് അവർ രോഗികളുടെ വീട് തേടിപ്പിടിച്ച് എത്തിക്കുന്നത്. കോവിഡ് രോഗികളുടെ വീടുകൾ തേടിയെത്തുന്ന ഈ ഭക്ഷണപ്പൊതികളിൽ ചോറും സാമ്പാറും തോരനും ചപ്പാത്തിയും പപ്പടവും മുട്ടയുമൊക്കെ ചേർന്ന സ്വാദിഷ്ഠമായ വിഭവങ്ങളുണ്ട്.

വളരെ ചിട്ടയോട്കൂടിയുള്ള പ്രവർത്തന രീതിയാണ് ഇവരുടേത്. വനിതകളുൾപ്പെടെ 25 വൊളന്റിയർമാരാണ് രംഗത്തുള്ളത്. അടുക്കളയിൽ അഞ്ചുപേർ പാചകത്തിലേർപ്പെടുന്നു. തയ്യാറായ ഭക്ഷണം പൊതികളാക്കാനും പല റൂട്ടുകളിലൂടെ രോഗികളുടെ വീടുകൾ തേടി പോകാനും 15 പേരുണ്ട്.

ബാക്കിയുള്ളവർ ആവശ്യക്കാരുടെ ഫോൺ വിളികൾ ഏറ്റെടുക്കുകയും അവരുടെ മേൽവിലാസം ശേഖരിച്ച് ഭക്ഷണവുമായി പോകുന്നവർക്ക് നൽകുകയും ചെയ്യുന്നു. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് ഭക്ഷണം ആവശ്യപ്പെട്ടവരുടെ വീടുകളിലേക്ക് എത്തുന്നത്. എന്നിട്ട് രോഗികളുടെ വീടിന്റെ വാതിൽക്കൽ പൊതികൾെവച്ച് മടങ്ങുകയും ചെയ്യും.

നഗരത്തിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന അഞ്ചു സംഘടനകളുടെ കൂട്ടായ പ്രയത്നമാണ് കൊറോണ കെയർ ബെംഗളൂരു എന്ന പേരിൽ നടക്കുന്നത്. ഡോൺ ബോസ്‌കൊയ്ക്ക് കീഴിലുള്ള ബെംഗളൂരു റൂറൽ എജുക്കേഷൻ ആൻഡ് ഡവലപ്‌മെന്റ് സൊസൈറ്റി(ബ്രഡ്‌സ്), ഗുഡ് ക്വസ്റ്റ് ഫൗണ്ടേഷൻ, പ്രോജക്ട് വിഷൻ, എ.ഐ.എഫ്.ഒ, ഇ.സി.എച്ച്.ഒ, എന്നീ സംഘടനകളുടെ പ്രവർത്തകരാണ് കർമനിരതരായുള്ളത്. ഏപ്രിൽ 26-നാണ് ഇത് തുടങ്ങിയത്.

ഭക്ഷണവിതരണത്തിന്റെ പോസ്റ്റർ തയ്യാറാക്കി വാട്‌സാപ്പിൽ പ്രചരിപ്പിച്ചായിരുന്നു തുടക്കം. ഇന്റർനെറ്റ് വഴിയും പ്രചരിപ്പിച്ചു. ഇതിലുള്ള ഹെൽപ് ലൈനിൽ ആവശ്യക്കാർക്ക് ബന്ധപ്പെടാനായിരുന്നു നിർദേശം. ഇങ്ങനെ ബന്ധപ്പെട്ടവർക്കാണ് ഭക്ഷണമെത്തിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us