നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനിൽ ട്രാക്കിലേക്ക് യുവതി ചാടിയതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ഇന്ന് (ജൂലൈ 4) ഉച്ചയ്ക്ക് 12:25 ഓടെ ഗ്രീൻ ലൈനിലെ രാജാജിനഗർ മെട്രോ സ്റ്റേഷനിലാണ് സംഭവം നടന്നത്. എന്നാൽ സ്റ്റേഷൻ ഉദ്യോഗസ്ഥരുടെയും സുരക്ഷാ ജീവനക്കാരുടെയും വേഗത്തിലുള്ള ഇടപെടൽ കാരണം വലിയൊരു ദുരന്തം ഒഴിവാക്കാനായി.

യുവതി പെട്ടെന്ന് ട്രാക്കിലേക്ക് ചാടിയ ഉടൻ തന്നെ സുരക്ഷാ ജീവനക്കാർ സ്റ്റേഷൻ കൺട്രോളർമാരെ വിവരമറിയിക്കുകയും അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കുകയുമായിരുന്നു. ട്രാക്കിൽ അകപ്പെട്ട യുവതിയെ യാതൊരുവിധ പരിക്കുകളുമില്ലാതെ ജീവനക്കാർ സുരക്ഷിതമായി പുറത്തെടുത്തു.

ഈ സംഭവത്തെത്തുടർന്ന് ഗ്രീൻ ലൈനിലെ മെട്രോ ട്രെയിൻ സർവീസുകൾ ഏകദേശം 10 മിനിറ്റോളം വൈകി. തുടർന്ന് ജീവനക്കാർ ട്രാക്ക് പ്രദേശം പൂർണ്ണമായി പരിശോധിക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുകയും ചെയ്ത ശേഷം ഉച്ചയ്ക്ക് 12:34 ഓടെ ട്രെയിൻ സർവീസ് പതിവുപോലെ പുനരാരംഭിച്ചു. നിലവിൽ യുവതി സുരക്ഷിതയാണെന്നും, ഇവർ ട്രാക്കിലേക്ക് ചാടാനുണ്ടായ കാരണം ബി.എം.ആർ.സി.എല്ലും (BMRCL) പോലീസും അന്വേഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

നമ്മ മെട്രോ സ്റ്റേഷനുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് യാത്രക്കാരിലും അധികൃതർക്കിടയിലും ആശങ്കയുണ്ടാക്കുന്നുണ്ട്. മുൻപും സമാനമായ രീതിയിൽ ബാംഗ്ലൂർ മജസ്റ്റിക്കിലെ നാദപ്രഭു കെംപെഗൗഡ മെട്രോ സ്റ്റേഷന്റെ ഗ്രീൻ ലൈനിൽ ഒരു ഡി-ഗ്രൂപ്പ് ജീവനക്കാരൻ ട്രാക്കിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്നും മെട്രോ ജീവനക്കാരുടെ ഇടപെടലിലൂടെ ഇയാളെ രക്ഷപ്പെടുത്തുകയും ചികിത്സയ്ക്കായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ചെയ്തത്. അധികാരികൾ കടുത്ത ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും ഇത്തരം അപകടങ്ങൾ തുടർച്ചയായി ഉണ്ടാകുന്നത് തടയാൻ കർശനമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ടെന്ന ആവശ്യവും ഉയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts