ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി കുടിയേറ്റക്കാരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കാൻ കർണാടക ആർടിസി ഒരുങ്ങുന്നു. നിലവിലെ ശാന്തിനഗർ, സാറ്റലൈറ്റ് ടെർമിനലുകൾക്ക് പുറമെയാണ് മടിവാളയെക്കൂടി പുതിയ സർവീസിന്റെ ഭാഗമാക്കുന്നത്. വരാനിരിക്കുന്ന ഓണാഘോഷങ്ങൾക്ക് മുന്നോടിയായി കണ്ണൂരിലേക്കാണ് കർണാടക ആർടിസിയുടെ പ്രീമിയം നോൺ എസി സ്ലീപ്പർ ‘പല്ലക്കി’ ബസ് സർവീസ് ആരംഭിക്കുക. നിലവിൽ മടിവാളയിൽ നിന്ന് കേരളത്തിലേക്ക് സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത് എന്നതിനാൽ സാധാരണക്കാരായ യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
പുതിയ സർവീസ് ആരംഭിച്ചാലും ശാന്തിനഗർ, സാറ്റലൈറ്റ് എന്നിവിടങ്ങളിലെ നിലവിലുള്ള ബോർഡിങ് പോയിന്റുകൾ മാറ്റമില്ലാതെ തുടരും. നഗരത്തിന്റെ തെക്കൻ മേഖലകളിൽ താമസിക്കുന്ന മലയാളി യാത്രക്കാർക്ക് മടിവാളയിൽ നിന്നുള്ള സർവീസ് ഏറെ സൗകര്യപ്രദമായിരിക്കും. നിലവിൽ കേരള, കർണാടക ആർടിസികളുടെ സേലം വഴിയുള്ള ബസുകൾക്ക് മടിവാളയ്ക്ക് സമീപമുള്ള സെന്റ് ജോൺസ് മെഡിക്കൽ കോളേജിന് മുന്നിൽ ബോർഡിങ് പോയിന്റ് അനുവദിച്ചിട്ടുണ്ട്. എന്നാൽ കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെയുള്ള മലബാർ മേഖലയിലേക്കുള്ള യാത്രക്കാർക്ക് നിലവിൽ ശാന്തിനഗർ, സാറ്റലൈറ്റ് ബസ് ടെർമിനലുകളെ തന്നെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
നിലവിൽ കർണാടക ആർടിസിയുടെ കേരളത്തിലേക്കുള്ള എല്ലാ ബസുകളും ശാന്തിനഗറിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. കേരള ആർടിസി മൈസൂരു റോഡിലെ സാറ്റലൈറ്റ് ടെർമിനൽ കേന്ദ്രമാക്കിയാണ് പ്രധാനമായും പ്രവർത്തിക്കുന്നതെങ്കിലും, ശാന്തിനഗർ, പീനിയ ബസവേശ്വര ടെർമിനലുകളിൽ നിന്ന് ആറ് സർവീസുകൾ വീതം നടത്തുന്നുണ്ട്. കർണാടക ആർടിസി നേരത്തെ പീനിയയിൽ നിന്ന് മലബാർ മേഖലയിലേക്ക് നാല് സർവീസുകൾ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് അത് നിർത്തലാക്കുകയായിരുന്നു.
അതേസമയം, മലയാളി കൂട്ടായ്മകളുടെ നിരന്തരമായ സമ്മർദത്തെ തുടർന്ന് 2015 നവംബറിൽ ആരംഭിച്ച കേരള ആർടിസിയുടെ കോറമംഗല ബിഎംടിസി ഡിപ്പോയിൽ നിന്നുള്ള കണ്ണൂർ ഡീലക്സ് സർവീസ് കോവിഡിന് ശേഷം ഇതുവരെ പുനരാരംഭിച്ചിട്ടില്ല. മടിവാള, ശാന്തിനഗർ, സാറ്റലൈറ്റ് വഴി ഓടിയിരുന്ന ഈ സർവീസിനൊപ്പം മടിവാളയിൽ കേരള ആർടിസിയുടെ ഫ്രാഞ്ചൈസി ടിക്കറ്റ് കൗണ്ടറും അന്ന് തുറന്നിരുന്നുവെങ്കിലും പിന്നീട് ഇതിന്റെ പ്രവർത്തനവും നിലച്ചു. ഈ സാഹചര്യത്തിലാണ് ഓണക്കാലത്ത് മലബാറിലേക്കുള്ള യാത്രക്കാർക്ക് തുണയായി കർണാടക ആർടിസി പുതിയ പല്ലക്കി സർവീസുമായി രംഗത്തെത്തുന്നത്.
