ബെംഗളൂരു: അനാവശ്യ വ്യക്തികളുടെ പ്രവേശനവും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി പുതിയ നിയന്ത്രണങ്ങളുമായി ബെംഗളൂരുവിലെ ഹെബ്ബാളിലുള്ള പ്രശസ്തമായ ഗവൺമെന്റ് വെറ്ററിനറി കോളേജ്. പുതിയ നിയമപ്രകാരം ഇനിമുതൽ പൊതുജനങ്ങൾക്ക് ക്യാമ്പസിനുള്ളിൽ പ്രവേശിക്കുന്നതിനും പ്രഭാത-സായഹ്ന സവാരികൾക്കും ഫീസ് ഈടാക്കാൻ കോളേജ് മാനേജ്മെന്റ് തീരുമാനിച്ചു. ചൊവ്വാഴ്ചയാണ് (ജൂൺ 30) ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവന്നത്.
ഹെബ്ബാളിലെ ഗവൺമെന്റ് വെറ്ററിനറി മെഡിക്കൽ കോളേജിന് ഏകദേശം 300 ഏക്കറോളം വിസ്തൃതിയുള്ള പച്ചപ്പ് നിറഞ്ഞ വിശാലമായ കാമ്പസാണുള്ളത്. നൂറുകണക്കിന് പ്രദേശവാസികളാണ് ദിനവും ഇവിടെ നടക്കാനായി എത്തിയിരുന്നത്. എന്നാൽ സമീപകാലത്തായി നടക്കാനെന്ന വ്യാജേന നിരവധി അപരിചിതരും അക്രമികളും കോളേജ് പരിസരത്ത് പ്രവേശിക്കുന്നത് പതിവായിരുന്നു. ക്യാമ്പസിനുള്ളിലെ അനാശാസ്യ പ്രവർത്തനങ്ങൾ, അനധികൃത വാഹന പാർക്കിംഗ്, വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ എന്നിവ നിരന്തരം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കോളേജ് അധികൃതർ കർശന നടപടികളിലേക്ക് കടന്നത്.
പുതിയ പരിഷ്കാരമനുസരിച്ച് ഇനിമുതൽ ക്യാമ്പസിനുള്ളിൽ പ്രവേശിക്കാൻ പാസ് നിർബന്ധമാക്കിയിട്ടുണ്ട്. നടക്കാനും പക്ഷി നിരീക്ഷണത്തിനുമായി എത്തുന്ന പ്രദേശവാസികൾ ആവശ്യമായ രേഖകൾ സമർപ്പിച്ച് 100 രൂപ ഫീസ് നൽകി പ്രവേശന പാസ് കൈപ്പറ്റണം. ഇതിനോടകം തന്നെ ഇത്തരത്തിൽ അഞ്ഞൂറോളം പാസുകൾ വിതരണം ചെയ്തതായാണ് വിവരം. പാസ് ഉള്ളവർക്ക് പോലും രാവിലെയും വൈകുന്നേരവുമുള്ള നിശ്ചിത സമയങ്ങളിൽ മാത്രമേ പ്രവേശനം അനുവദിക്കൂ. ബാക്കി സമയങ്ങളിൽ പൊതുജനങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുണ്ടായിരിക്കും. കോളേജിന്റെ അക്കാദമിക് അന്തരീക്ഷവും അച്ചടക്കവും നിലനിർത്തുക എന്നതിനാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് കോളേജ് ഡീൻ ഡോ. നാഗരാജു വ്യക്തമാക്കി. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഈ പാസ് സംവിധാനത്തിന് വിദ്യാർത്ഥികളിൽ നിന്നും പ്രദേശവാസികളിൽ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
