ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

ബെംഗളൂരു: നഗരത്തിലെ ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ പശ്ചിമ ബംഗാൾ സ്വദേശികളായ നാല് അതിഥി തൊഴിലാളികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകളും പണവും കവർന്നു. ജൂൺ 28-ന് വൈകുന്നേരം ബെട്ടദാസൻപുരയ്ക്ക് സമീപം നടന്ന സംഭവം വൈകിയാണ് പുറത്തറിഞ്ഞത്. പശ്ചിമ ബംഗാൾ സ്വദേശികളായ യൂനുസ് (25), ഇർഫാൻ ഷെയ്ക്ക് (19), സാബിർ ഷെയ്ക്ക് (20), ഒവൈദൂർ ഇസ്ലാം ലസ്‌കർ (18) എന്നിവരാണ് കവർച്ചയ്ക്ക് ഇരയായത്.

കഴിഞ്ഞ എട്ട് മാസമായി ബെംഗളൂരുവിൽ ജോലി ചെയ്തുവരുന്ന ഇവർ, സംഭവദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് ബെട്ടദാസൻപുരയ്ക്ക് സമീപം സംസാരിച്ചുനിൽക്കുകയായിരുന്നു. ഇതിനിടെ സാബിർ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ മൂന്ന് അപരിചിതർ ഇവർക്കടുത്തേക്ക് എത്തി. നിങ്ങളുടെ സുഹൃത്തുക്കൾ തങ്ങളെ ചീത്തവിളിച്ചുവെന്ന് ആരോപിച്ച സംഘം, അവരുടെ ഫോട്ടോകൾ മൊബൈലിൽ കാണിക്കാൻ ആവശ്യപ്പെട്ടു. സാബിർ ഫോൺ കാണിച്ചയുടൻ പ്രതികൾ മൊബൈൽ പിടിച്ചുപറിച്ച് ഓടുകയായിരുന്നു. ഫോൺ തിരികെ വാങ്ങാനായി സാബിറും സുഹൃത്തുക്കളും പ്രതികളെ പിന്തുടർന്നപ്പോഴാണ് അക്രമികൾ യഥാർത്ഥ സ്വഭാവം പുറത്തെടുത്തത്.

പ്രതികൾ കൈയ്യിലുണ്ടായിരുന്ന കത്തിയും മരക്കഷണങ്ങളും കാണിച്ച് തൊഴിലാളികളെ ക്രൂരമായി ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് നാലുപേരുടെയും മൊബൈൽ ഫോണുകളും കൈവശമുണ്ടായിരുന്ന പതിനായിരം രൂപയും ഇവർ തട്ടിയെടുത്തു. ഇത്രയും കൊണ്ട് അവസാനിക്കാതെ, പോകുന്നതിന് മുൻപ് ഇരകളിലൊരാളെക്കൊണ്ട് യുപിഐ (UPI) വഴി 488 രൂപ കൂടി പ്രതികൾ തങ്ങളുടെ അക്കൗണ്ടിലേക്ക് നിർബന്ധിപ്പിച്ച് കൈമാറ്റം ചെയ്യിപ്പിച്ചു. കവർച്ചയെക്കുറിച്ച് പുറത്താരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് അക്രമിസംഘം അവിടെനിന്നും രക്ഷപ്പെട്ടത്. സംഭവത്തിൽ ഇലക്ട്രോണിക് സിറ്റി പോലീസ് ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം കവർച്ചയ്ക്കും മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts