ഹാസൻ : ശ്രാവണബെലഗോളയിലെ ഗോമതേശ്വര ബാഹുബലിയുടെ മഹാ മസ്തകാഭിഷേക ഉൽസവത്തിന് ഇന്ന് തുടക്കമായി. രാഷ്ട്രപതി റാംനാഥ് കോവിന്ദ് രാവിലെ 10.45ന് ഉദ്ഘാടനം നിർവഹിച്ചു. 17 മുതൽ 25 വരെ നടക്കുന്ന മസ്തകാഭിഷേകത്തിനു മുന്നോടിയായുള്ള കലശപൂജയാണ് ഇന്ന് ആരംഭിച്ചത്. ജൈന തീർഥാടന കേന്ദ്രമായ ശ്രാവണബെലഗോളയിൽ ഇക്കുറി നടക്കുന്നത് 88-ാമത് മസ്തകാഭിഷേകമാണ്. 12 വർഷത്തിലൊരിക്കലുള്ള ചടങ്ങിന് എഡി 981 മുതൽക്കുള്ള ചരിത്രമുണ്ട്.
ശ്രാവണബെലഗോള മഠാചാര്യൻ സ്വസ്ഥിശ്രീ ചാരുകീർത്തി ഭട്ടങ്കര സ്വാജിയുടെ നേതൃത്വത്തിൽ ജൈന സന്യാസിമാരാണ് കലശപൂജയ്ക്ക് നേതൃത്വം നൽകുന്നത്. 58.8 അടി ഉയരത്തിൽ ഒറ്റക്കൽ ശിലയിൽ തീർത്ത ബാഹുബലിയെ കണ്ടു വണങ്ങാൻ, മസ്തകാഭിഷേകം കഴിഞ്ഞാലും തുടർന്നുള്ള മാസങ്ങളിലും തീർഥാടന പ്രവാഹമായിരിക്കും.
2300 വർഷത്തെ ജൈനപാരമ്പര്യമാണ് ശ്രാവണബെലഗോളയ്ക്കുള്ളത്. 24 ജൈന തീർഥങ്കരർക്കിടയിലെ ആദ്യയാളായ ഋഷഭനാഥന്റെ പുത്രനാണു ബാഹുബലി. ഇക്കുറി മഹാമസ്തകാഭിഷേകത്തിന് 300 കോടി രൂപ ചെലവിട്ടാണ് കർണാടക സർക്കാർ തയാറെടുപ്പുകൾ നടത്തിയിരിക്കുന്നത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ 40 ലക്ഷം തീർഥാടകരും വിനോദ സഞ്ചാരികളും ഇവിടം സന്ദർശിക്കുമെന്നാണ് പ്രതീക്ഷ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.