വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

ബെംഗളൂരു: അടിയന്തര ഘട്ടങ്ങളിൽ പോലീസ് സ്റ്റേഷൻ അതിർത്തിയുടെ പേരുപറഞ്ഞ് ജനങ്ങളെ വലയ്ക്കുന്ന പതിവിന് ഇനി അന്ത്യം. 112 എന്ന അടിയന്തര ഹെൽപ്പ് ലൈൻ നമ്പറിലേക്ക് സഹായം അഭ്യർത്ഥിച്ച് വിളി വന്നാൽ, പരിധി നോക്കാതെ പോലീസുകാർ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തണമെന്ന് ബെംഗളൂരു സിറ്റി പോലീസ് കർശന നിർദ്ദേശം നൽകി. കേസിന്റെ സ്റ്റേഷൻ അതിർത്തിയെക്കുറിച്ചുള്ള തർക്കങ്ങളും നടപടിക്രമങ്ങളും പിന്നീട് തീരുമാനിച്ചാൽ മതിയെന്നാണ് വകുപ്പിന്റെ ഉത്തരവ്.

മുൻകാലങ്ങളിൽ അപകടങ്ങളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ, സംഭവം നടന്ന സ്ഥലം തങ്ങളുടെ സ്റ്റേഷൻ പരിധിയിലല്ലെന്നും മറ്റൊരു സ്റ്റേഷനിൽ ബന്ധപ്പെടണമെന്നും പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ വഴിതിരിച്ചുവിട്ടിരുന്നതായി വ്യാപക പരാതികൾ ഉയർന്നിരുന്നു. ഇത് വലിയ രീതിയിലുള്ള പൊതുജനരോഷത്തിനും പോലീസ് വകുപ്പിന് നാണക്കേടിനും വഴിവച്ചിരുന്നു. ജീവൻ രക്ഷിക്കുന്നതിനും ഇരകൾക്ക് ഉടനടി സഹായം ഉറപ്പാക്കുന്നതിനുമാണ് പ്രാഥമിക പരിഗണന നൽകേണ്ടതെന്ന തിരിച്ചറിവിലാണ് കമ്മീഷണറേറ്റ് പുതിയ മാറ്റത്തിന് തുടക്കമിട്ടത്.

  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി

സഹായം അഭ്യർത്ഥിച്ചുള്ള വിളി ലഭിച്ചാൽ ഏറ്റവും അടുത്തുള്ള പോലീസ് സംഘം അതിർത്തി നോക്കാതെ മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തണം. കഴിഞ്ഞ ആറുമാസത്തിനിടെ മാത്രം 74 ജീവനുകളാണ് അടിയന്തര ഇടപെടലിലൂടെ ബെംഗളൂരു പോലീസ് രക്ഷപ്പെടുത്തിയത്. കൂടാതെ കാണാതായ 700 ഓളം പേരെ കണ്ടെത്താനും ആത്മഹത്യയ്ക്ക് ശ്രമിച്ച 60 പേരെ കൃത്യസമയത്ത് രക്ഷിക്കാനും പോലീസിന് സാധിച്ചിട്ടുണ്ട്. മനുഷ്യക്കടത്തിനെതിരെ സ്റ്റേഷൻ അതിർത്തികൾ കടന്ന് നടത്തിയ തെരച്ചിലിൽ 181 മുതിർന്നവരെയും 211 കുട്ടികളെയും 65 ചീറ്റ പട്രോൾ ബൈക്കുകളുടെ സഹായത്തോടെ പെട്ടെന്ന് തന്നെ ഹോയ്‌സാല സംഘം മോചിപ്പിക്കുകയും ചെയ്തു.

112 ഹെൽപ്പ് ലൈൻ കേന്ദ്രത്തിലേക്ക് വിളിച്ച് 6.5 മിനിറ്റിനുള്ളിൽ പോലീസ് സംഘം ഇരകളുടെ അടുത്തെത്തുമെന്നാണ് ഉറപ്പുനൽകുന്നത്. പോലീസ് എത്തുന്നതുവരെ കൺട്രോൾ റൂം ഓപ്പറേറ്റർമാർ പരാതിക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തുകയും അവർക്ക് ധൈര്യം നൽകുകയും ചെയ്യും. ഭിന്ന ഭാഷക്കാർ തിങ്ങിപ്പാർക്കുന്ന നഗരമായതിനാൽ 12 വ്യത്യസ്ത ഭാഷകളിൽ ഈ ഹെൽപ്പ് ലൈൻ സേവനം ലഭ്യമാണ്. ആത്മഹത്യാ ശ്രമങ്ങൾ, ആളുകളെ കാണാതാകൽ തുടങ്ങിയ കാര്യങ്ങൾക്കാണ് 112-ലേക്ക് ഏറ്റവും കൂടുതൽ കോളുകൾ വരുന്നത്.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

പുതിയ ഉത്തരവ് ലംഘിക്കുകയോ കൃത്യവിലോപം കാണിക്കുകയോ ചെയ്യുന്ന പോലീസുകാർക്കെതിരെ അതിശക്തമായ നിയമ നടപടിയും വകുപ്പുതല നടപടിയും സ്വീകരിക്കുമെന്ന് ബെംഗളൂരു പോലീസ് മുന്നറിയിപ്പ് നൽകി. അടിയന്തര സഹായങ്ങൾ കൂടുതൽ വേഗത്തിലാക്കാനും നഗരത്തിലെ ജനങ്ങൾക്ക് പോലീസിലുള്ള വിശ്വാസം വീണ്ടെടുക്കാനും ഈ പരിഷ്കാരം ഉപകരിക്കുമെന്നാണ് വിലയിരുത്തുന്നത്.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts