ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിതുറക്കുന്നതാകും പദ്ധതിയെന്നാണു പ്രതീക്ഷ. ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരാണ് ഇന്ത്യയിൽ നിലവിൽ ആരോഗ്യമേഖലയിൽ ശ്രദ്ധേയമായ ജനകീയ പദ്ധതികൾ നടപ്പാക്കുന്നത്. പ്രാഥമികാരോഗ്യമേഖല ശക്തിപ്പെടുത്താൻ മൊഹല്ല ക്ലിനിക്കുകൾ, സ്വകാര്യ ആശുപത്രികളിലും സൗജന്യ ലാബ് പരിശോധന തുടങ്ങിയ പദ്ധതികൾ ഡൽഹിയിൽ നടപ്പാക്കിയിരുന്നു.
കനിയനഹുണ്ടിയിൽ പുനരുദ്ധാരണം നടത്തിയ ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമ്പോഴാണു സമഗ്ര ആരോഗ്യ പദ്ധതിയെക്കുറിച്ചു മുഖ്യമന്ത്രി പറഞ്ഞത്. ബെംഗളൂരുവിലെ 38 തടാകങ്ങളും ജലാശയങ്ങളും പുനരുദ്ധരിക്കാൻ പദ്ധതി തയാറാക്കുന്നതായും അദ്ദേഹം അറിയിച്ചു. ടെൻഡർ ക്ഷണിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ വൈകാതെയുണ്ടാകും. അന്ധവിശ്വാസ നിരോധന ബില്ലിനെ സംബന്ധിച്ച ചോദ്യങ്ങളോടും മുഖ്യമന്ത്രി പ്രതികരിച്ചു. ഒരുവിശ്വാസവും ഇല്ലാതിരിക്കുന്നതിലും ഭേദം വിശ്വാസം ഉണ്ടാകുന്നതാണ്. എന്നാൽ അന്ധവിശ്വാസങ്ങളിൽനിന്ന് അകന്നുനിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.