∙ മാലിന്യം തള്ളൽ വ്യാപകം ഒഴിഞ്ഞ പ്രദേശങ്ങളിലും തടാകങ്ങളിലും സമീപകാലത്തു മാലിന്യം തള്ളുന്നതു വ്യാപകമായതോടെയാണ് ബിബിഎംപി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഖര, ദ്രവ മാലിന്യം വീട്ടിൽ തന്നെ വേർതിരിക്കണമെന്നു ബിബിഎംപി കർശന നിലപാട് സ്വീകരിച്ചിരുന്നു. ഇതിനു സാധിക്കാത്തവരാണ് രാത്രിയും പുലർച്ചെയുമായി മാലിന്യം റോഡരികിലും വിജന പ്രദേശങ്ങളിലും തള്ളുന്നത്. ഓരോ വാർഡിലും മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാൻ ഹൈക്കോടതി വാർഡ് കമ്മിറ്റികൾക്കു നിർദേശം നൽകിയതിനാൽ വരും ദിവസങ്ങളിൽ മാലിന്യം വേർതിരിക്കൽ കർക്കശമാക്കും.
ഇത്തരം സാഹചര്യത്തിൽ അനധികൃത മാലിന്യം തള്ളുന്നത് ഒഴിവാക്കാൻ കൂടിയാണ് സിസി ക്യാമറകൾ സ്ഥാപിക്കുന്നത്. പിടിയിലാകുന്നവരിൽ നിന്നു വൻതുക പിഴയായി ഈടാക്കുമെന്നു ബിബിഎംപി സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ജോയിന്റ് കമ്മിഷണർ സർഫറാസ് ഖാൻ പറഞ്ഞു. മാലിന്യം തള്ളുന്നവരെ പിടികൂടാൻ മാർഷൽ ! വാർഡ് തലത്തിൽ മാലിന്യം ശേഖരിക്കലും നീക്കവും കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ വിമുക്ത ഭടൻമാരെ ‘ക്ലീൻ അപ്പ് മാർഷൽ’ ആയി നിയോഗിക്കണമെന്ന ഹൈക്കോടതി നിർദേശവും ഇനിയും നടപ്പായിട്ടില്ല. ഇവർക്കു ശമ്പളം നൽകുന്നത് അധിക ബാധ്യതയാകുമെന്ന കാരണം നിരത്തിയാണ് ബിബിഎംപി ഇതിനെ എതിർത്തത്. എന്നാൽ ഓരോ സോണിലും
ഒരാൾ എന്ന കണക്കിൽ എട്ട് മാർഷലുമാരെ ഉടൻ നിയോഗിക്കുമെന്നു സർഫറാസ് ഖാൻ പറഞ്ഞു. ബിബിഎംപിയുടെ ‘പ്രഹാരി’ പട്രോളിങ് വാഹനത്തിൽ രാത്രി പരിശോധനയ്ക്കിറങ്ങുന്ന ഇവർ അനധികൃതമായി മാലിന്യം തള്ളുന്നവരെ പിടികൂടുകയും ചെയ്യും. 21 പ്രഹാരി വാഹനങ്ങളാണ് ബിബിഎംപിക്കുള്ളത്. ഇവ കൃത്യമായി പട്രോളിങ് നടത്തുന്നുവെന്ന് ഉറപ്പുവരുത്താൻ വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിച്ചിട്ടുണ്ട്. അതേസമയം സിസി ക്യാമറകൾ സ്ഥാപിച്ചാൽ മാത്രം പോരാ, ഇവ സ്ഥിരമായി നിരീക്ഷിക്കുകയും പിടിയിലാകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യണമെന്നു വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ ചൂണ്ടിക്കാട്ടുന്നു.
റോഡരികിൽ മാലിന്യം തള്ളുന്നവർക്ക് ആയിരം രൂപ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ മുൻപു ബിബിഎംപി സ്വീകരിച്ചിരുന്നു. എന്നാൽ ഇവയൊന്നും ഫലവത്തായില്ല. മാലിന്യം തള്ളുന്നവരുടെ ഫോട്ടോയും, വാഹനത്തിന്റെ നമ്പരുമെല്ലാം സഹിതം പരാതി നൽകിയിട്ടും ആർക്കെതിരെയും നടപടി സ്വീകരിച്ചതായി അറിവില്ലെന്നും ഇവർ ആരോപിക്കുന്നു.