ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

baby

ബെംഗളൂരു: ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് 22 കാരനായ പിതാവ് 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ വീടിന് പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്തി. കുഞ്ഞ് കട്ടിലിൽ നിന്ന് അബദ്ധത്തിൽ വീണ് മരിച്ചതാണെന്ന് വരുത്തിതീർക്കാൻ പിതാവ് ശ്രമിച്ചെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കിഴക്കൻ ബെംഗളൂരുവിലെ ആവലഹള്ളിയിൽ ജൂൺ 9-നാണ് സംഭവം നടന്നത്. യാദ്ഗിരിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ ശേഖപ്പയാണ് സ്വന്തം മകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. ഉച്ചഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി ശേഖപ്പയും ഭാര്യ വിജയലക്ഷ്മിയും തമ്മിൽ തർക്കമുണ്ടായിരുന്നു. വഴക്കിനിടയിൽ കുഞ്ഞ് കരയാൻ തുടങ്ങിയതോടെ വിജയലക്ഷ്മി കുഞ്ഞിനെ ചവിട്ടിയതായി പറയപ്പെടുന്നു. ഇതിൽ പ്രകോപിതനായ ശേഖപ്പ ഭാര്യയെ മർദ്ദിച്ച ശേഷം, കുഞ്ഞിനെ എടുത്ത് അവർ താമസിച്ചിരുന്ന ലേബർ ഷെഡിന് പുറത്തേക്ക് എറിയുകയായിരുന്നു.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമായി ദമ്പതികൾ ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. തുടർന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശേഖപ്പ ഒരു കഥ മെനഞ്ഞു. ഭാര്യ കുഞ്ഞിന് മുലയൂട്ടുന്നതിനിടയിൽ ഉറങ്ങിപ്പോയെന്നും, ഈ സമയം കുഞ്ഞ് കട്ടിലിൽ നിന്ന് താഴെ വീണതാണെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. കുഞ്ഞിന്റെ മരണത്തിൽ തനിക്ക് യാതൊരു സംശയവുമില്ലെന്നും ഇയാൾ മൊഴി നൽകി. ഇതേത്തുടർന്ന് ആവലഹള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയുമായിരുന്നു.

എന്നാൽ ജൂൺ 22-ന് ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണത്തിലെ ക്രൂരത വെളിപ്പെട്ടു. കുഞ്ഞിന്റെ മുഖം, നെഞ്ച്, കാലുകൾ, ജനനേന്ദ്രിയം എന്നിവയുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാരകമായ പരിക്കുകൾ കണ്ടെത്തി. ആന്തരിക രക്തസ്രാവവും ശ്വാസതടസ്സവുമാണ് മരണകാരണമെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായി. കൂടാതെ, ഇവർ താമസിച്ചിരുന്ന ഷെഡിലെ കട്ടിലിന് വെറും രണ്ടടി മാത്രമാണ് ഉയരമുണ്ടായിരുന്നതെന്നും പോലീസ് കണ്ടെത്തി. രണ്ടടി ഉയരത്തിൽ നിന്ന് വീണാൽ ഇത്രയും മാരകമായ പരിക്കുകൾ ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിജയലക്ഷ്മിക്ക് അയൽ ഷെഡിൽ താമസിക്കുന്ന നാഗപ്പ എന്നയാളുമായി ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ഇതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുകൾ നടക്കാറുണ്ടായിരുന്നു. വിജയലക്ഷ്മിക്ക് മരിച്ച കുഞ്ഞിനോട് താല്പര്യമില്ലായിരുന്നുവെന്നും പോലീസ് സാക്ഷിമൊഴികളിലൂടെ മനസ്സിലാക്കി.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ ശേഖപ്പയെ പോലീസ് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭാര്യ വിജയലക്ഷ്മിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. കൊലപാതകത്തിൽ ഇവരുടെ പങ്ക് എന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കിഴക്കൻ ബെംഗളൂരുവിലെ കിതഗന്നൂരിലുള്ള ഒരു കൃഷിയിടത്തിൽ ട്രാക്ടർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ശേഖപ്പ. നാല് വർഷം മുമ്പാണ് ഈ കുടുംബം ജോലി തേടി ബെംഗളൂരുവിലേക്ക് കുടിയേറിയത്. ഇവർക്ക് മൂത്ത ഒരു കുട്ടികൂടിയുണ്ട്.

  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts