ബെംഗളൂരു : കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എക്സിറ്റ് റോഡിലെ ട്രംപറ്റ് ഫ്ലൈഓവറുകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL) അറിയിച്ചു. ഫ്ലൈഓവറുകളിലെ അറ്റകുറ്റപ്പണികൾ പ്രമാണിച്ചാണ് ഓഗസ്റ്റ് 14 വരെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്തും കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ടെമ്പോ ട്രാവലറുകൾ എന്നിവയ്ക്ക് ഫ്ലൈഓവറിലൂടെ സാധാരണ രീതിയിൽ യാത്ര തുടരാവുന്നതാണ്. എന്നാൽ ബസുകൾ, ട്രക്കുകൾ, നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്ന ഭാരമേറിയ വാഹനങ്ങൾ എന്നിവയെ സർവീസ് ലൈൻ വഴിയായിരിക്കും തിരിച്ചുവിടുക.
വിമാനത്താവളത്തിലേക്ക് പോകുന്നവരും വരുന്നവരുമായ യാത്രക്കാർ യാത്രാവേളകളിൽ അധികൃതർ സ്ഥാപിച്ചിട്ടുള്ള ഗതാഗത വഴിതിരിച്ചുവിടൽ സൂചനാ ബോർഡുകൾ കൃത്യമായി ശ്രദ്ധിക്കണമെന്ന് ബി.ഐ.എ.എൽ അറിയിപ്പിൽ വ്യക്തമാക്കി.
