നാളെ മധുരയിലെ അളങ്കനല്ലൂരില്‍ നടക്കുന്ന ജല്ലിക്കട്ട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ഉദ്ഘാടനം ചെയ്യും. ജല്ലിക്കട്ടിന് അനുമതി ലഭിച്ചതറിഞ്ഞ് ചെന്നൈ മറീനാബീച്ചിലും മധുരയിലും ആഹ്ലാദപ്രകടനങ്ങള്‍ നടക്കുകയാണ്.
ജല്ലിക്കട്ട് ഒരു നിമിത്തമായിരുന്നു. വര്‍ഷങ്ങളായി തുടരുന്ന ഏകാധിപത്യത്തിനും ഭരണസ്തംഭനത്തിനും കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്കും മറുപടിയായി തമിഴ്‌നാട്ടിലെമ്പാടും ഉയര്‍ന്നുവന്ന ജനകീയപ്രക്ഷോഭത്തിന്റെ ആദ്യവിജയമാണിത്. കേന്ദ്ര വനം, പരിസ്ഥിതിമന്ത്രാലയവും നിയമ, ആഭ്യന്തര മന്ത്രാലയങ്ങളും അംഗീകരിച്ച കരട് ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഉച്ചയ്ക്ക് സംസ്ഥാനസര്‍ക്കാരിന് കൈമാറിയിരുന്നു.
തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കിയ കരട് ജല്ലിക്കട്ട് ഓര്‍ഡിനന്‍സില്‍ വൈകിട്ട് അഞ്ച് മണിയോടെ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ഒപ്പുവെച്ചു. നിയമതടസ്സങ്ങള്‍ ഒഴിവാക്കാന്‍ സുപ്രീംകോടതിയുടെ പ്രവര്‍ത്തനസമയം അവസാനിച്ചശേഷം മാത്രമാണ് സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയതായി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച തുടങ്ങുന്ന തമിഴ്‌നാട് നിയമസഭാസമ്മേളനത്തിന്റെ ആദ്യദിവസം തന്നെ ജല്ലിക്കട്ട് ഓര്‍ഡിനന്‍സ് ബില്ലായി അവതരിപ്പിച്ച് അംഗീകാരം നല്‍കും.
നാളെ ജല്ലിക്കട്ട് നടക്കാനിരിയ്ക്കുന്ന മധുരയിലെ അളങ്കനല്ലൂരിലേയ്ക്ക് നാലരയോടെ തന്നെ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം തിരിച്ചിരുന്നു. അളങ്കനല്ലൂരിന് പുറമേ, പലമേട്, വിലങ്കുടി എന്നീ ഇടങ്ങളിലും നാളെ ജല്ലിക്കട്ട് നടക്കും. മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും അതാത് ജില്ലകളില്‍ ജല്ലിക്കട്ട് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
മൃഗങ്ങളോടുള്ള ക്രൂരത ഒഴിവാക്കാന്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഓര്‍ഡിനന്‍സിലുണ്ട്. മൃഗക്ഷേമബോര്‍ഡിന്റെയും സംസ്ഥാനസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും കര്‍ശനനിരീക്ഷണത്തില്‍ പൊലീസ് സന്നാഹത്തോടെയാകും ജല്ലിക്കട്ട് പരിപാടികള്‍ നടക്കുക. ഓര്‍ഡിനന്‍സിന് അനുമതി ലഭിച്ചതറിഞ്ഞ് വലിയ ആഹ്ലാദപ്രകടനങ്ങളാണ് ചെന്നൈ മറീനാബീച്ചിലും മധുരയിലെ അളങ്കനല്ലൂരിലും മറ്റ് സമരവേദികളിലും നടക്കുന്നത്. എന്നാല്‍ ജല്ലിക്കട്ടിനെ ഒഴിവാക്കി കേന്ദ്രനിയമത്തില്‍ സ്ഥിരം ഭേദഗതി കൊണ്ടുവരാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് സമരക്കാരും വ്യക്തമാക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.