ജല്ലിക്കെട്ടില്‍ ഇന്ന് തമിഴ്നാട്‌ സ്തംഭിക്കും.

ചെന്നൈ: തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് ബന്ദ്. സിഐടിയു ഉള്‍പ്പടെയുള്ള വിവിധ ട്രേഡ് യൂണിയനുകളും വ്യവസായയൂണിയനുകളും ആഹ്വാനം ചെയ്ത ബന്ദിന് സിപിഎം, സിപിഐ എന്നീ  പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യാസംഘടനയും പ്രക്ഷോഭത്തില്‍ പങ്കെടുക്കും. ചെന്നൈയില്‍ സ്വകാര്യസ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കാന്‍ പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍ തീരുമാനിച്ചു.

തെക്കന്‍ ജില്ലകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ മധുര, ഡിണ്ടിഗല്‍ എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അതാത് ജില്ലകളിലെ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഭരണവിരുദ്ധവികാരം മുതലെടുക്കാന്‍ പ്രതിപക്ഷപാര്‍ട്ടിയായ ഡിഎംകെ ഇന്ന് തമിഴ്‌നാടിന്റെ വിവിധഭാഗങ്ങളില്‍ തീവണ്ടി സമരം നടത്തും.

അതേസമയം, ജല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് തമിഴ്‌നാട്ടിലെ താരസംഘടനയായ നടികര്‍ സംഘം നിരാഹാരസമരം നടത്താനിരിയ്ക്കുകയാണ്. സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാനും പിന്തുണ പ്രഖ്യാപിച്ച് ഇന്ന് ഉപവാസമനുഷ്ഠിയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ മറീനാബീച്ചിലെ സമരവേദിയിലേയ്ക്കുള്ള പ്രതിഷേധക്കാരുടെ പ്രവാഹം മൂന്നാം ദിവസവും തുടരുന്നു.

സംസ്ഥാനമൊട്ടാകെ നാല് ലക്ഷത്തോളം പേര്‍ രാപ്പകല്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. ജനകീയപ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി ഉത്തരവ് മറികടന്നും ജല്ലിക്കെട്ടിനനുകൂലമായി ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ സംസ്ഥാനസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറുകയാണ്. പ്രത്യേകനിയമസഭാസമ്മേളനം വിളിച്ച് ചേര്‍ത്ത് ജല്ലിക്കെട്ടിനായി പ്രമേയം പാസ്സാക്കാനും സംസ്ഥാനസര്‍ക്കാര്‍ ആലോചിയ്ക്കുന്നുണ്ട്. അതേസമയം, ഇന്നലെ മടങ്ങാനിരുന്ന മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം മടക്കയാത്ര റദ്ദാക്കി ദില്ലിയില്‍ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us