ബെംഗളൂരു: നഗരത്തിലെ കബ്ബൺ പാർക്കിൽ 20 ദിവസം മുമ്പ് രാജസ്ഥാൻ സ്വദേശി തൂങ്ങിമരിച്ച സംഭവത്തിൽ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി പോലീസ്. സുരേഷ് കുമാർ പുരോഹിത് എന്ന യുവാവിന്റെ മരണം വെറുമൊരു ആത്മഹത്യയല്ലെന്നും, നിരന്തരമായ മർദ്ദനത്തെയും വധഭീഷണിയെയും തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണെന്നും അന്വേഷണത്തിൽ വ്യക്തമായി.
രാജസ്ഥാനിൽ വെച്ച് പ്രതിയായ ജബറാമും സുരേഷും തമ്മിലുണ്ടായ വ്യക്തിപരമായ തർക്കമാണ് സംഭവങ്ങളുടെ തുടക്കം. വഴക്കിനിടെ സുരേഷിനെ ബാംഗ്ലൂരിലെ തന്റെ സുഹൃത്തുക്കളെ ഉപയോഗിച്ച് ഒരു പാഠം പഠിപ്പിക്കുമെന്ന് ജബറാം ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് സുരേഷ് ബാംഗ്ലൂരിലേക്ക് താമസം മാറിയെങ്കിലും മാർച്ച് അവസാന വാരത്തോടെ ജബറാമും നഗരത്തിലെത്തി. പ്രവീൺ, ഭവേഷ്, നിതേഷ്, മുകേഷ് എന്നീ സുഹൃത്തുക്കളുടെ സഹായത്തോടെ സുരേഷിനെ കണ്ടെത്തുകയും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുമ്പോൾ ഇവർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി.
താൻ വേട്ടയാടപ്പെടുന്ന വിവരം സുരേഷ് സഹോദരൻ വസൻറാമിനെ ഫോണിലൂടെ അറിയിച്ചിരുന്നു. നിരന്തരമായ ഭീഷണിയും ആക്രമണവും സഹിക്കവയ്യാതെയാണ് സുരേഷ് കബ്ബൺ പാർക്കിൽ ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ജബറാം ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കബ്ബൺ പാർക്ക് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നിസ്സാര തർക്കത്തിൽ തുടങ്ങി വധഭീഷണിയിൽ അവസാനിച്ച പകയാണ് ഒരു യുവാവിന്റെ ജീവനെടുത്തതെന്ന് പോലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]