ന്യൂഡൽഹി: പഴയ 10, 20, 50, 100 രൂപ നോട്ടുകൾ ജൂലൈ 1 മുതൽ അസാധുവാകുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് കേന്ദ്ര സർക്കാർ. ജൂൺ 30-ന് ശേഷം ഈ നോട്ടുകൾ വിപണിയിൽ സ്വീകരിക്കില്ലെന്ന രീതിയിലുള്ള സന്ദേശങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജനങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള പരിഭ്രാന്തിക്കും ആശയക്കുഴപ്പത്തിനും കാരണമായിരുന്നു. ഇതിനെ തുടർന്നാണ് കറൻസി നോട്ടുകൾ നിർത്തലാക്കാൻ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി സർക്കാർ ഔദ്യോഗികമായി രംഗത്തെത്തിയത്.
പ്രമുഖ പൊതുമേഖലാ ബാങ്കായ ‘ബാങ്ക് ഓഫ് മഹാരാഷ്ട്ര’യുടെ ഔദ്യോഗിക ലോഗോ ഉൾപ്പെടുത്തിയാണ് വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഈ സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചത്. അതുകൊണ്ടുതന്നെ ഇതൊരു യഥാർത്ഥ സർക്കാർ അറിയിപ്പാണെന്ന് കരുതി നിരവധി ഉപയോക്താക്കൾ സന്ദേശം മറ്റുള്ളവരിലേക്ക് പങ്കുവെക്കുകയായിരുന്നു. 2005-ന് മുമ്പ് അച്ചടിച്ച മഹാത്മാഗാന്ധി സീരീസിലുള്ള എല്ലാ നോട്ടുകളും ജൂൺ 30-ന് ശേഷം അസാധുവാകുമെന്നും, ഇവ എത്രയും വേഗം ബാങ്കുകളിൽ പോയി മാറ്റിയെടുക്കണമെന്നുമായിരുന്നു പ്രചാരണം. ഇതോടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ജനങ്ങൾ നെട്ടോട്ടമോടി.
എന്നാൽ, ഈ സന്ദേശത്തിന് നിയമപരമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഫാക്റ്റ് ചെക്കിംഗ് ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) സ്ഥിരീകരിച്ചു. കറൻസി നോട്ടുകൾ പിൻവലിക്കാൻ സർക്കാർ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും കറൻസി നിരോധനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഡിജിറ്റൽ പോസ്റ്ററുകൾ വ്യാജമായി നിർമ്മിച്ചതാണെന്നും പിഐബി അറിയിച്ചു. ബാങ്കിന്റെ ലോഗോ ദുരുപയോഗം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നിർമ്മിച്ച ഇത്തരം വ്യാജ സന്ദേശങ്ങൾ ആരും വിശ്വസിക്കുകയോ കൈമാറുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അറിയിപ്പ്
നോട്ട് നിരോധനമെന്ന പേരിൽ പ്രചരിക്കുന്ന പ്രചരിക്കുന്ന വ്യാജ സന്ദേശവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്രയും വ്യക്തമാക്കി. ഓൺലൈനിൽ പങ്കുവെച്ച ഔദ്യോഗിക പ്രസ്താവനയിലൂടെ, പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നും ഇത്തരം അഭ്യൂഹങ്ങൾ വിശ്വസിക്കുകയോ മറ്റുള്ളവർക്ക് അയച്ചുകൊടുക്കുകയോ ചെയ്യരുതെന്നും ബാങ്ക് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്കായി ഔദ്യോഗിക ആശയവിനിമയ മാർഗങ്ങളെ മാത്രം ആശ്രയിക്കാനും ബാങ്ക് ജനങ്ങളോട് നിർദേശിച്ചു.
2005-ന് മുമ്പുള്ള നോട്ടുകൾ ഇപ്പോഴും നിയമപരമായ കറൻസിയായി തുടരുമെന്ന് ആർബിഐയും വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കറൻസി ഡിസൈനുകളിലെ മെച്ചപ്പെട്ട സുരക്ഷാ ഫീച്ചറുകൾ കാരണം പഴയ മഹാത്മാഗാന്ധി സീരീസ് നോട്ടുകൾ മാറ്റിയെടുക്കാൻ കേന്ദ്ര ബാങ്ക് മുമ്പ് ആളുകളെ പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കിലും, ഈ നോട്ടുകൾക്ക് ഒരിക്കലും നിരോധനം ഏർപ്പെടുത്തിയിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]