ബെംഗളൂരു: നേത്രാവതി എക്സ്പ്രസിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മലയാളി യുവാവിനെ അതിസാഹസികമായി രക്ഷിച്ച് ബെംഗളൂരു പോലീസ്. ഹെബ്ബഗോഡി ഹുസ്കൂർ ഗേറ്റിന് സമീപമാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
കൃത്യമായ സമയത്ത് ഇടപെട്ട പോലീസ് സംഘം തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിൽ വിവരമറിയിച്ച് ട്രെയിൻ നിർത്തിച്ച ശേഷമാണ് യുവാവിനെ മരണവക്ത്രത്തിൽ നിന്നും ജീവനോടെ കരകയറ്റിയത്.
രാത്രി സമയത്ത് ഹുസ്കൂർ ഗേറ്റിന് സമീപമുള്ള റെയിൽവേ പാളത്തിൽ ഒരു യുവാവ് കിടക്കുന്നുണ്ടെന്ന രഹസ്യവിവരം ഹെബ്ബഗോഡി പോലീസിന് ലഭിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് പാളത്തിൽ കിടക്കുകയായിരുന്ന യുവാവിനെ കണ്ടെത്തിയത്.
പോലീസിനെ കണ്ടതോടെ പരിഭ്രാന്തനായ യുവാവ് ആത്മഹത്യാശ്രമത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള പോലീസുകാരുടെ അനുനയ ശ്രമങ്ങളെയെല്ലാം തള്ളിപ്പറയുകയായിരുന്നു. തുടർന്ന് പോലീസിനെ ബലം പ്രയോഗിച്ച് തള്ളിമാറ്റി ഇയാൾ റെയിൽ പാളത്തിലൂടെ മുന്നോട്ട് ഓടാൻ തുടങ്ങി.
തുടർന്ന് പോലീസും ഇയാൾക്ക് പിന്നാലെ പാളത്തിലൂടെ രണ്ട് കിലോമീറ്ററോളം പിന്തുടർന്ന് ഓടി. ഈ സമയം നേത്രാവതി എക്സ്പ്രസ് ഈ പാതയിലൂടെ വരാനുണ്ടായിരുന്നതിനാൽ അപകടസാധ്യത മുന്നിൽക്കണ്ട് പോലീസ് ഉടനടി തൊട്ടടുത്ത റെയിൽവേ അധികൃതരെയും റെയിൽവേ പോലീസിനെയും അടിയന്തിരമായി വിവരമറിയിച്ചു.
ട്രെയിൻ വേഗത കുറയ്ക്കാനും നിർത്താനുമുള്ള നിർദ്ദേശം റെയിൽവേ ഉദ്യോഗസ്ഥർക്ക് കൈമാറിയതോടെയാണ് വൻ ദുരന്തം ഒഴിവായത്. ഒടുവിൽ ഏറെ പ്രയത്നപ്പെട്ട് പോലീസ് സംഘം യുവാവിനെ ബലം പ്രയോഗിച്ച് റെയിൽ പാളത്തിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
യുവാവ് എന്ത് കാരണത്താലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിന് ശേഷം സ്റ്റേഷനിലെത്തിച്ച യുവാവിന്റെ വിവരങ്ങൾ ശേഖരിച്ച ഹെബ്ബഗോഡി പോലീസ്, ഉടൻ തന്നെ മാതാപിതാക്കളെ വിവരമറിയിച്ച് വിളിച്ചുവരുത്തി. ആവശ്യമായ കൗൺസിലിംഗ് നൽകിയ ശേഷം യുവാവിനെ മാതാപിതാക്കൾക്കൊപ്പം പോലീസ് വിട്ടയച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]