ബെംഗളൂരു : രാമനഗര ജില്ലയിലെ ബിദാദിക്ക് സമീപം നിർദേശിച്ചിട്ടുള്ള ഗ്രേറ്റർ ബംഗളൂരു ടൗൺഷിപ്പ് പദ്ധതിക്കായി 80 ശതമാനത്തോളം കർഷകർ ഭൂമി വിട്ടുനൽകാൻ സമ്മതം അറിയിച്ചതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബുധനാഴ്ച പ്രഖ്യാപിച്ചു. ഭൂമി നഷ്ടപ്പെടുന്ന കർഷകർക്കുള്ള നഷ്ടപരിഹാര തുക ജൂൺ ആദ്യവാരം മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ 30-ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയ ഈ ബൃഹത്തായ പദ്ധതിക്ക് 18,133 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബംഗളൂരു സൗത്ത്, രാമനഗര താലൂക്കുകളിലെ ഒൻപത് ഗ്രാമങ്ങളിലായി ഏകദേശം 7,481 ഏക്കർ ഭൂമിയിലാണ് ‘ഗ്രേറ്റർ ബംഗളൂരു ഇന്റഗ്രേറ്റഡ് സബർബൻ പ്രോജക്റ്റ്’ നടപ്പിലാക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ ചർച്ചകളിൽ വലിയ തോതിൽ കർഷകർ പങ്കെടുക്കുകയും ടൗൺഷിപ്പ് നിർമാണത്തിന് പിന്തുണ അറിയിക്കുകയും ചെയ്തതായി ബംഗളൂരു നഗരവികസന ചുമതല കൂടിയുള്ള ഡി.കെ. ശിവകുമാർ പറഞ്ഞു. ഭൂരിഭാഗം കർഷകരും എത്രയും വേഗം നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ ഗ്രാമങ്ങളിലെയും അന്തിമ ഭൂമിറ്റെടുക്കൽ വിജ്ഞാപനം അടുത്ത മൂന്ന് ദിവസത്തിനകം പുറപ്പെടുവിക്കുമെന്നും ജൂൺ ആദ്യവാരത്തോടെ തുക വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഷ്ടപരിഹാരം കൈപ്പറ്റിയ ഉടൻ തന്നെ കർഷകർ തങ്ങളുടെ ബാക്കി ഭൂമി വിൽക്കരുതെന്നും, ടൗൺഷിപ്പും മറ്റ് അടിസ്ഥാന സൗകര്യങ്ങളും യാഥാർത്ഥ്യമാകുന്നതോടെ ഈ മേഖലയിലെ ഭൂമിവില വൻതോതിൽ വർധിക്കുമെന്നും അദ്ദേഹം കർഷകരെ ഉപദേശിച്ചു.
കനകപുര റോഡ്, ബംഗളൂരു-മൈസൂരു റോഡ്, നൈസ് (NICE) റോഡ് എന്നിവ വഴി മികച്ച റോഡ് കണക്റ്റിവിറ്റിയാണ് നിർദിഷ്ട ടൗൺഷിപ്പിന് ലഭിക്കുക. സാറ്റലൈറ്റ് ടൗൺ റിംഗ് റോഡും (STRR) ഈ പദ്ധതിയുമായി ബന്ധിപ്പിക്കും. ടൗൺഷിപ്പിന് ചുറ്റുമായി ഏകദേശം 40 കിലോമീറ്റർ റോഡ് ശൃംഖലയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
അതേസമയം, ടൗൺഷിപ്പ് പദ്ധതിയെ ശക്തമായി എതിർക്കുകയും ഭൂമിേറ്റെടുക്കൽ നടപടികൾ ഉടനടി നിർത്തലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരെ ഡി.കെ. ശിവകുമാർ രൂക്ഷവിമർശനം ഉന്നയിച്ചു. കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ പദ്ധതിയുടെ ആദ്യ വിജ്ഞാപനം ഇറങ്ങിയതെന്ന് ശിവകുമാർ ചൂണ്ടിക്കാട്ടി. പദ്ധതിയുമായി ബന്ധപ്പെട്ട് ഏത് വേദിയുലും ഏത് സമയത്തും പരസ്യസംവാദത്തിന് താൻ തയ്യാറാണെന്ന് അദ്ദേഹം കുമാരസ്വാമിയെ വെല്ലുവിളിച്ചു. നിലവിൽ കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിന്റെ ചുമതലയുള്ള കുമാരസ്വാമി ടൗൺഷിപ്പ് പദ്ധതിയെ എതിർക്കുന്നതിന് പകരം സിമന്റ്, സ്റ്റീൽ വില കുറയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.
സർക്കാർ ഈ പദ്ധതിയെ ഒരു വൻകിട റിയൽ എസ്റ്റേറ്റ് ബിസിനസ്സാക്കി മാറ്റുകയാണെന്ന കുമാരസ്വാമിയുടെ ആരോപണത്തിനും ഡി.കെ. ശിവകുമാർ മറുപടി നൽകി. മുൻ സർക്കാരുകളാണ് സ്വകാര്യ ഡെവലപ്പർമാർക്ക് വാതിൽ തുറന്നുകൊടുത്തതെന്നും റിയൽ എസ്റ്റേറ്റ് മാഫിയയെ സൃഷ്ടിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നഷ്ടപരിഹാര വിതരണവും വിജ്ഞാപനവും ഉടൻ ആരംഭിക്കാനിരിക്കെ, കർണാടകയിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസനവും ഒപ്പം വലിയൊരു രാഷ്ട്രീയ പോരാട്ടവുമായി ഈ ബിദാദി ടൗൺഷിപ്പ് പ്രോജക്റ്റ് മാറിയിരിക്കുകയാണ്.
