ബെംഗളൂരു : റംസാൻ വ്രതത്തിന്റെ നാളുകൾ രണ്ടാം പത്തിലേക്ക് കടക്കുമ്പോൾ വിപണി സജീവം. ഡ്രൈ ഫ്രൂട്‌സ് കച്ചവടവും ഭക്ഷ്യമേളകളും പഴവർഗ വ്യാപാരവും വിപണി കീഴടക്കിയിരിക്കുകയാണ്.
നോമ്പുതുറ സമയത്ത് ആദ്യം ഈത്തപ്പഴം കഴിക്കുന്ന പതിവ് നിലനിൽക്കുന്നതിനാൽ വിപണികളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് ഇതിനാണ്. കഴിഞ്ഞ ദിവസങ്ങളിലായി പ്രധാന മാർക്കറ്റുകളിലും പച്ചക്കറി-പഴക്കച്ചവട കേന്ദ്രങ്ങളിലുമെല്ലാം വാങ്ങാനെത്തുന്നവരുടെ തിരക്ക് ഗണ്യമായി വർധിച്ചിട്ടുണ്ട്.
ഡ്രൈ ഫ്രൂട്‌സിൽ ഈത്തപ്പഴത്തിനും കാരയ്ക്കക്കുമാണ് ആവശ്യക്കാരേറെ. പിസ്ത, അണ്ടിപ്പരിപ്പ്, ബദാം, മുന്തിരി എന്നിവയ്ക്കും നല്ല വിൽപ്പനയാണ്. കിലോയ്ക്ക് 200-രൂപ മുതൽ 1000-ത്തിന് മുകളിൽ വരെയാണ് ഈത്തപ്പഴത്തിന് വില. അതിൽ അജ്‌വ എന്നയിനമാണ് ഏറെ വിറ്റു പോകന്നത്. 1000-മുതൽ 1200-വരെയാണ് ഇതിന് കിലോയ്ക്ക് വില.
സഫാവി, മബ്‌റൂൺ, സാഖായി, മെജ്‌ദോൾ ജംബോ എന്നിങ്ങനെയാണ് വിപണിയിലെ പ്രിയ ഈത്തപ്പഴ ഇനങ്ങൾ. ബദാമിന് 800-രൂപ മുതൽ 1000 രൂപ വരെയും കാരയ്കക്ക് 350-മുതൽ 800-വരെയാണ് വില. റംസാനിനെ ആദ്യപത്തുനാളുകളിൽ വിപണി സജീവമായിരുന്നുവെന്ന് മലയാളി വ്യാപാരിയും മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ അഷ്‌റഫ് കമ്മനഹള്ളി പറഞ്ഞു.
നഗരത്തിന്റെ വിവിധഭാഗങ്ങളിൽ നേമ്പുതുറയുമായി ബന്ധപ്പെട്ട് ഭക്ഷ്യമേളകളും സജീവമാണ്. ശിവാജി നഗർ, ഗൗരി പാളയ, താനി റോഡ് എന്നിവിടങ്ങളിലാണ് കൂടുതൽ ഭക്ഷ്യമേളകൾ. മേളകളിൽ കേരള വിഭവങ്ങളടക്കം സുലഭമാണ്. വൈകീട്ട് ആറോടെ സജീവമാകുന്ന മേളകൾ രാത്രി 12 വരെയുണ്ട്. നോമ്പു തുറന്നാൽ മേളകളിലെത്തുന്നത് ഒട്ടേറെപേരാണ്. ഉപ്പിലിട്ടതുമതൽ എണ്ണക്കടികൾ വരെയുള്ള വിഭവങ്ങൾക്ക് മേളയിൽ വൻതോതിലാണ് വിറ്റഴിയുന്നത്.
ചൂട് കൂടുന്നതിനാൽ പഴവർഗ വിപണിയിലും വൻ തിരക്കാണ്. തണ്ണിമത്തനും മുസമ്പിയും ഓറഞ്ചുമടക്കം വൻതോതിലാണ് റംസാൻ ദിനങ്ങളിൽ വിറ്റഴിയുന്നത്. ചൂട് കുറയ്ക്കാനും ശരീരത്തിന് ഊർജം നൽകാനും പഴങ്ങൾ സഹായകമാകുന്നതിനാൽ നോമ്പുതുറ വിഭവങ്ങളിൽ ഇവയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്.
ജ്യൂസ്, സലാഡ്, സ്മൂത്തി തുടങ്ങിയവ തയ്യാറാക്കുന്നതിനായി വൻതോതിലാണ് പഴവർഗങ്ങൾ വിറ്റഴിയുന്നത്. എന്നാൽ, പശ്ചിമേഷ്യൻ സംഘർഷത്തിന് അയവു വന്നില്ലെങ്കിൽ പെരുന്നാൾ അടുക്കുമ്പോൾ ഡ്രൈ ഫ്രൂട്സ് വില ഉയർന്നേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
നിലവിൽ ആവശ്യത്തിന് വിപണിയിൽ സുലഭമാണെങ്കിലും യുദ്ധം കനക്കുന്നതോടെ ഇവയുടെ കയറ്റുമതി നിലയ്ക്കും. ഇത് വിപണിയിൽ വൻ വിലക്കൂടുതലിനും വഴിവെക്കുമെന്നും അവർ പറയുന്നു. കൂടാതെ ബെംഗളൂരുവിൽ 30 -ശതമാനത്തോളം ഓൺലൈൻ വിപണി സജീവമാണ്. ഇത് എല്ലാ സീസണിലും ചെറുകിട വ്യാപാരികളെ സാരമായി ബാധിക്കുന്നതായി അഷ്‌റഫ് കമ്മനഹള്ളി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]