വീട്ടിലെ പ്രസവം; അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്ചര്‍ ചികിത്സകന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സകന്‍ കസ്റ്റഡിയില്‍.

യുവതിയെ ചികിത്സിച്ച, ബീമാപള്ളിയില്‍ ക്ലിനിക് നടത്തിയിരുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെയാണ് എറണാകുളത്ത് നിന്ന് നേമം പൊലീസ് കസ്റ്റഡിയിലെടുത്തത്.

നേമം സ്റ്റേഷനിലെത്തിച്ച ശിഹാബുദ്ദീനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ആധുനിക ചികിത്സ നല്‍കാതെ, പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക് അക്യുപങ്ചര്‍ ചികിത്സയാണ് നല്‍കിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

കേസില്‍ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഭര്‍ത്താവ് നയാസിനെ നരഹത്യാക്കുറ്റം ചുമത്തി നേമം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പാലക്കാട് സ്വദേശി ഷെമീറ ബീവിയും കുഞ്ഞുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

വീട്ടില്‍ വച്ച് പ്രസവം എടുക്കുന്നതിനിടെ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

കുഞ്ഞിനെ പൂര്‍ണമായി പുറത്തെടുക്കാനും കഴിഞ്ഞിരുന്നില്ല. ആശുപത്രിയിലെത്തുമ്പോഴേയ്ക്കും അമ്മയും കുഞ്ഞും മരിച്ചതായും പൊലീസ് പറയുന്നു.

ഷെമീറ ബീവിയുടെ മുന്‍പത്തെ പ്രസവങ്ങള്‍ സിസേറിയന്‍ ആയിരുന്നു.

വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ആധുനിക ചികിത്സ വേണ്ടായെന്ന് ഭര്‍ത്താവ് നയാസ് തീരുമാനിക്കുകയായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.

കഴിഞ്ഞ എട്ടുമാസമായി കാരയ്ക്കാമണ്ഡപത്ത് വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.

ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ വീട്ടിലെത്തിയപ്പോള്‍ നയാസ് അവരോട് തട്ടിക്കയറിയതായും പൊലീസ് പറയുന്നു.

ഭാര്യയ്ക്ക് ആധുനിക ചികിത്സ നല്‍കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നയാസ് അത് ചെവിക്കൊണ്ടില്ലെന്നും പൊലീസ് പറയുന്നു.

ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് പ്രസവം എടുക്കാന്‍ ആരംഭിച്ചത്. വൈകിട്ട് 5.30 വരെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം തുടര്‍ന്നു.

പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് പറയുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us