ചെന്നൈ: മദ്രാസ് ഐ.ഐ.ടി പ്രൊഫസർ എന്ന വ്യാജേന ഡോക്ടറായ വനിതയെ വിവാഹംചെയ്ത തട്ടുകട ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ അശോക് നഗർ ജാഫർഖാൻപേട്ടയിലെ വി. പ്രഭാകരൻ (34) ആണ് അറസ്റ്റിലായത്. 2020-ൽ പ്രഭാകരൻ ഡോ. ഷണ്മുഖമയൂരിയെ വിവാഹം ചെയ്തത് സ്ത്രീധനം ഉപയോഗിച്ച് കടം വീട്ടാനാണെന്ന് പൊലീസ് പറഞ്ഞു.
പ്രഭാകരൻ 2019-ൽ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിരുന്നു. അതിൽ ഇയാൾക്കൊരു കുട്ടിയുമുണ്ട്. കടം കയറിയതോടെ പ്രഭാകരൻ രണ്ടാമതും വിവാഹം കഴിച്ചത് കുടുംബത്തിന്റെ അറിവോടെയാണ്. പ്രഭാകരൻ മദ്രാസ് ഐ.ഐ.ടി യിൽ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറാണെന്നാണ് ഡോക്ടർ മയൂരിയോട് പറഞ്ഞത്. മുംബൈയിൽ സ്ഥിരതാമസമാക്കിയ മയൂരിയുടെ മാതാപിതാക്കൾ കൂടുതൽ ഒന്നും അന്വേഷിക്കാതെ ഇവരുടെ വിവാഹത്തിന് സമ്മതം നൽകി. പ്രഭാകരന് സ്ത്രീധനമായി ലഭിച്ചത് 110 പവൻ സ്വർണവും 15 ലക്ഷം രൂപയുടെ കാറും 20 ലക്ഷം രൂപയുടെ മറ്റുവിലപിടിപ്പുള്ള വസ്തുക്കളുമാണ്.
പ്രഭാകർ വിവാഹം കഴിഞ്ഞതിനു ശേഷം എല്ലാ ദിവസവും രാവിലെ വീട്ടിൽ നിന്നിറങ്ങും. തിരിച്ച് വീട്ടിലേക്ക് വൈകുന്നേരമാണ് എത്തുന്നത്. പ്രഭാകരൻ വീട്ടിൽ സമയം ചിലവഴിക്കാത്തതിനെ പറ്റി ചോദിച്ചപ്പോൾ മയൂരിയെ ദേഹോപദ്രവം ചെയ്തു. രക്ഷിതാക്കൾ മകനെ സംരക്ഷിച്ചത് പ്രൊഫസറായതിന്റെ തിരക്ക് മൂലമാണ് വീട്ടിൽ ചെലവഴിക്കാൻ സമയമില്ലാത്തത് എന്നും പറഞ്ഞാണ്. പ്രഭാകരന്റെയും വീട്ടുകാരുടെയും അസ്വാഭാവികതയിൽ മയൂരിക്ക് സംശയം വന്നു. ഇതിനെ തുടർന്ന് മയൂരിയും സഹോദരനും കൂടി മദ്രാസ് ഐ.ഐ.ടി യിൽ നേരിൽ ചെന്ന് അന്വേഷിച്ചപ്പോഴാണ് പറ്റിക്കപ്പെട്ടതായി മനസിലായത്.
അതിനിടയിൽ പ്രഭാകരൻ സ്ത്രീധനം നൽകിയ സ്വർണം കൊണ്ട് കടങ്ങൾ വീട്ടുകയും അറ്റകുറ്റപണികൾ നടത്തുകയും തട്ടുകട മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. അശോക് നഗർ വനിതാ പൊലീസിൽ മയൂരി നൽകിയ പരാതിയെ തുടർന്നാണു പ്രഭാകരനെ അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനം, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രഭാകരനെതിരെ കേസെടുത്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.