ബെംഗളൂരു: റവന്യൂ രേഖകൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ’ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. ജാതി സർട്ടിഫിക്കറ്റ്, ആർടിസി തുടങ്ങിയ അടിസ്ഥാന രേഖകൾ ലഭിക്കുന്നതിന് ആളുകൾ ഓഫീസുകൾ തോറും കയറിയിറങ്ങുന്നത് ദയനീയമാണെന്നും അതിനാൽ, ദരിദ്രരുടെ ദുരിതം അവസാനിപ്പിക്കാനാണ് റവന്യൂ മന്ത്രി ആർ അശോക് റവന്യൂ രേഖകൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ എന്ന ഈ നവീന പരിപാടിക്ക് രൂപം നൽകിയത് എന്നും ചിക്കബല്ലാപ്പൂർ ജില്ലയിൽ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു
സ്വാതന്ത്ര്യത്തിന് ശേഷം കഴിഞ്ഞ 75 വർഷമായി കോൺഗ്രസ് നേതാക്കൾ പാവപ്പെട്ടവരുടെയും ദലിതുകളുടെയും പിന്നാക്ക സമുദായങ്ങളുടെയും ക്ഷേമത്തെക്കുറിച്ചാണ് സംസാരിക്കുന്നത് പക്ഷേ അവർ പാവപ്പെട്ടവരെ വോട്ട് ബാങ്കായി മാത്രമാണ് ഉപയോഗിച്ചതെന്നും കോൺഗ്രസിനെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പറഞ്ഞു. അവർ പറഞ്ഞതനുസരിച്ച് നടന്നിരുന്നെങ്കിൽ, ഈ പരിപാടി ആരംഭിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾക്ക് വരില്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കർഷകരുടെ അധ്വാനത്തിനും ഉൽപന്നങ്ങൾക്കും ന്യായവില ഉറപ്പാക്കുക എന്നത് ഞങ്ങളുടെ തീരുമാനമാണെന്നും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് മണിക്കൂറിനുള്ളിൽ കർഷകരുടെ മക്കൾക്കായി വിദ്യാ നിധി സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഇക്കാര്യത്തിൽ ഞാൻ പ്രതിബദ്ധത തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 50 ലക്ഷം കുടുംബങ്ങൾക്ക് പെൻഷൻ വർധിപ്പിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാവപ്പെട്ടവരോട് കരുതലുള്ള സർക്കാരാണ് നമ്മുടേത് എന്നും വരണ്ട നിലത്ത് കൃഷി ചെയ്യുന്ന കർഷകർക്ക് ഹെക്ടറിന് 6,300 രൂപയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്നതെന്നും പറഞ്ഞ അദ്ദേഹം ഇക്കഴിഞ്ഞ പ്രളയകാലത്തെ വിളനാശത്തിനുള്ള നഷ്ടപരിഹാരം ഞങ്ങൾ ഇരട്ടിയാക്കിയതായും ജലസേചനത്തിന് 25,000 കോടിയും ഹോർട്ടികൾച്ചറിന് 2,800 കോടിയും വകയിരുത്തിയട്ടുണ്ടെന്നും വിള നഷ്ടപരിഹാരം ഒരു മാസത്തിനകം കർഷകരുടെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ടെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.