ബെംഗളൂരു: കാണാതായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഏഴുവർഷത്തിനുശേഷം പ്രതികളായ ആന്ധ്രാപ്രദേശിലെ അനന്തപുർ സ്വദേശികളായ ദമ്പതിമാർ പിടിയിൽ. മുഹമ്മദ് ഗൗസ് (38), ഭാര്യ ഹീന കൗസർ (27) എന്നിവരാണ് പിടിയിലായത്. ചാക്കിൽകെട്ടിയ നിലയിലായിരുന്നു ആന്ധ്രാ സ്വദേശിയും ബെംഗളൂരുവിലെ തയ്യൽതൊഴിലാളിയുമായിരുന്ന വാസിർ പാഷയുടെ മൃതദേഹം അനന്തപുരിൽനിന്ന് കണ്ടെത്തിയത്.
2015 മേയ് 16-നായിരുന്നു സംഭവം വാസിർ പാഷയുടെ ജീർണിച്ച ശരീരം പോലീസ് അന്ന് കണ്ടടുത്തത്. തുടർന്ന് പോലീസ് കൊലപാതകത്തിന് കേസെടുത്തെങ്കിലും കൊലയാളികളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ തന്റെ ഭർത്താവിനെ കാണാനില്ലെന്ന് വാസിർ പാഷയുടെ ഭാര്യ ബെംഗളൂരു പോലീസിലും പരാതിനൽകിയിരുന്നു. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമുണ്ടായില്ല.
തുടരന്വേഷണം പ്രഖ്യാപിച്ചതോടെ വാസിർ പാഷയുടെ ഫോൺ വിവരങ്ങൾ പോലീസ് ശേഖരിച്ചു. ഇതിൽനിന്ന് അവസാനമായി ഇയാളെ വിളിച്ചത് ഹീന കൗസറാണെന്ന് കണ്ടെത്തുകയായിരുന്നു. നേരത്തേ ബെംഗളൂരുവിൽ താമസിച്ചിരുന്ന ഇവർ എവിടെയാണെന്നതിനെപ്പറ്റി പോലീസിന് സൂചനകളുണ്ടായിരുന്നില്ല. തുടർന്ന് ഇവരുടെ ബന്ധുവീടുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇവരുടെ ഒരു ബന്ധു മരിച്ചു എന്നുള്ള വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് മരണവീട്ടിൽ സാധാരണ വേഷത്തിൽ കാത്തുനിന്ന പോലീസ് ഇരുവരെയും പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.
വാസിറിൽനിന്ന് മുഹമ്മദ് ഗൗസും ഭാര്യയും പണം കടംവാങ്ങിയിരുന്നു. ഇത് തിരികെ നൽകാൻ കഴിയാതിരുന്നതോടെ ഹീന കൗസറിനെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെയാണ് ഭാര്യയും ഭർത്താവും ചേർന്ന് കഴുത്തിൽ സാരിമുറുക്കി വാസിറിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പിന്നീട് മൃതദേഹം ചാക്കിൽ കെട്ടി അനന്തപുരിൽ കൊണ്ടുപോയി റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.
മൃതദേഹം ഉപേക്ഷിക്കാൻ മറ്റാരുടേയെങ്കിലും സഹായം ലഭിച്ചോയെന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. ഏഴുവർഷത്തിനുശേഷവും കേസിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെത്തുടർന്ന് ബെംഗളൂരു വെസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സഞ്ജീവ് എം. പാട്ടീൽ കേസിൽ പുനരന്വേഷണത്തിന് നിർദേശം നൽകുകയായിരുന്നു. തുടർന്ന് പ്രത്യേക പോലീസ് സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണമാണ് കൊലപാതകത്തിന് പിന്നിലെ ദുരൂഹതയുടെ ചുരുളഴിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.