ബെംഗളൂരു: ഇനിയും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലാത്ത ആളുകളെ തിരിച്ചറിയാൻ ബൃഹത്ത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) വീടുകൾതോറും സർവേ നടത്തുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു. പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെയും എടുക്കാത്തവരുടെയും അതുപോലെ എടുക്കാൻ വിസമ്മതിക്കുന്നവരുടെയും ഡാറ്റ ശേഖരിക്കുന്നതിനാണ് ഈ സർവ്വേ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വാക്സിനുകൾ ലഭ്യമല്ലാത്തതിനാൽ നഗരത്തിലുടനീളം വാക്സിൻ ക്ഷാമം തുടരുന്നു. കഴിഞ്ഞ 11 ദിവസങ്ങളിൽ നടത്തിയ പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണം പരിശോധിക്കുമ്പോൾ ജൂലൈ 3 ന് 1.24 ലക്ഷം പേർക്ക് വാക്സിനേഷൻ നൽകി. ഇത് ഇതുവരെ ഉയർന്ന നിരക്കാണ്. എന്നാൽ, ജൂലൈ 4 ന് പെട്ടെന്ന് 47,221 ആയി കുറഞ്ഞു, ജൂലൈ 13 ന് 36,503 പേർക്ക് വാക്സിനേഷൻ നൽകി.
കേന്ദ്രം സംസ്ഥാനത്തിന് ആവശ്യമായ ഡോസുകൾ നൽകിയിട്ടില്ലാത്തതിനാൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് പ്രതിരോധ കുത്തിവെപ്പ് നടത്താനാകുന്നില്ല. വരും ദിവസങ്ങളിൽ വാക്സിൻ വിതരണം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിലവിൽ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വാർഡ് തലത്തിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി വരുന്നു.
18 മുതൽ 44 വരെ പ്രായമുള്ളവർക്കായി, കഴിഞ്ഞ ഒന്നര മാസമായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. കോളേജ് വിദ്യാർത്ഥികൾക്ക് മുൻഗണന നൽകി. ഇതുവരെ, 1.8 ലക്ഷം വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്. യോഗ്യരായ ജനസംഖ്യയുടെ 56 ശതമാനം പേർക്കും കുറഞ്ഞത് ഒരു ഡോസ് കുത്തിവയ്പ് നൽകികഴിഞ്ഞു. ഈ മാസം അവസാനത്തോടെ പ്രതിരോധ കുത്തിവയ്പ്പ് ശക്തമാക്കാനാണ് പദ്ധതിയിടുന്നതെന്നും ബിബിഎംപി കമ്മീഷണർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.