ബെംഗളൂരു: സദാസമയവും ജനത്തിരക്കിൽ അമരുന്ന ബെംഗളൂരുവിലെ പ്രധാന റെയിൽവേ ഹബ്ബായ മജസ്റ്റിക്കിലെ ക്രാന്തിവീര സംഗൊള്ളി രായണ്ണ (കെ.എസ്.ആർ) ബെംഗളൂരു റെയിൽവേ ടെർമിനൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിപുലീകരിക്കുന്നു. 1500 കോടി രൂപ ചെലവിട്ടാണ് സ്റ്റേഷനിൽ വൻ നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. പുതിയ രണ്ട് പ്ലാറ്റ്‌ഫോമുകൾ, നാലാമത്തെ പ്രവേശന കവാടം, വിപുലമായ പാർക്കിങ് സംവിധാനം, അത്യാധുനിക ഫുഡ് പ്ലാസകൾ ഉൾപ്പെടെയുള്ള വിപുലമായ യാത്രാസൗകര്യങ്ങളാണ് നവീകരണത്തിന്റെ ഭാഗമായി ഒരുക്കുക. റെയിൽ ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ് (ആർ.എൽ.ഡി.എ) പദ്ധതിയുടെ നിർമ്മാണ ചുമതല. സ്റ്റേഷൻ നവീകരണത്തിനായുള്ള വിശദമായ മാസ്റ്റർ പ്ലാനിന് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്.ഡബ്ല്യു.ആർ) നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു.
യാത്രാക്ലേശം കുറയ്ക്കാൻ പുതിയ പ്ലാറ്റ്‌ഫോമുകൾ
നിലവിൽ 10 പ്ലാറ്റ്‌ഫോമുകളാണ് കെ.എസ്.ആർ ബെംഗളൂരു സ്റ്റേഷനിലുള്ളത്. പുതിയ രണ്ട് പ്ലാറ്റ്‌ഫോമുകൾ കൂടി യാഥാർത്ഥ്യമാകുന്നതോടെ പ്ലാറ്റ്‌ഫോമുകളുടെ ആകെ എണ്ണം 12 ആയി ഉയരും. പുതിയ പ്ലാറ്റ്‌ഫോമുകൾ വരുന്നതോടെ ട്രെയിനുകൾക്ക് സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ കൂടുതൽ ലൈനുകൾ ലഭ്യമാകും. ഇത് കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനും മജസ്റ്റിക്കിനും ഇടയിൽ ട്രെയിനുകൾ മണിക്കൂറുകളോളം സിഗ്നൽ കാത്ത് പിടിച്ചിടുന്നത് ഒഴിവാക്കാൻ സഹായിക്കും. കൂടാതെ യാത്രക്കാർക്ക് സമയനഷ്ടമില്ലാതെ യാത്ര ചെയ്യാനും ഇത് വഴിയൊരുക്കും.
അത്യാധുനിക പാർക്കിങ്ങും അനുബന്ധ സൗകര്യങ്ങളും
വർദ്ധിച്ചുവരുന്ന വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിനായി സ്റ്റേഷൻ പരിസരത്ത് രണ്ട് നിലകളിലായി പുതിയ മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രം നിർമിക്കും. ഇതിന് പുറമേ യാത്രക്കാർക്കായി വിശ്രമകേന്ദ്രങ്ങളും അത്യാധുനിക രീതിയിലുള്ള വിനോദ-ഭക്ഷണ ശാലകളും സ്റ്റേഷനകത്ത് സജ്ജീകരിക്കും. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ കാൽനട അടിപ്പാതകളും ആകാശപ്പാതകളും (മേൽപ്പാലങ്ങൾ) പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്.
മെട്രോ സ്റ്റേഷനുകളുമായി മികച്ച കണക്റ്റിവിറ്റി
മജസ്റ്റിക് മെട്രോ ഇന്റർചേഞ്ച് സ്റ്റേഷൻ, കെ.എസ്.ആർ മെട്രോ സ്റ്റേഷൻ എന്നിവയെ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പുതിയ കണക്റ്റിവിറ്റി പാലങ്ങളും തുരങ്കങ്ങളും നിർമിക്കും. നിലവിലുള്ള മേൽപ്പാലങ്ങൾക്കും അടിപ്പാതകൾക്കും പുറമേ രണ്ട് പുതിയ കണക്റ്റിവിറ്റി സംവിധാനങ്ങൾ കൂടി വരുന്നതോടെ മെട്രോ ട്രെയിനുകളിൽ നിന്നിറങ്ങുന്ന യാത്രക്കാർക്ക് റെയിൽവേ പ്ലാറ്റ്‌ഫോമുകളിലേക്ക് വളരെ എളുപ്പത്തിലും സുരക്ഷിതമായും എത്തിച്ചേരാനാകും.
കർണാടകയിലെ ഏക ഗ്രേഡ് 1 സ്റ്റേഷൻ
കർണാടകയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ കെ.എസ്.ആർ ബെംഗളൂരു നിലവിൽ 107 ഏക്കർ വിസ്തൃതിയിലാണ് വ്യാപിച്ചുകിടക്കുന്നത്. പത്ത് പ്ലാറ്റ്‌ഫോമുകൾക്ക് പുറമേ ആറ് സ്റ്റേബിളിംഗ് ലൈനുകളും അഞ്ച് പിറ്റ് ലൈനുകളും നിലവിൽ ഈ യാർഡിലുണ്ട്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുന്നിൽ നിൽക്കുന്ന കർണാടകയിലെ ഏക ഗ്രേഡ് 1 റെയിൽവേ സ്റ്റേഷൻ കൂടിയാണ് കെ.എസ്.ആർ ബെംഗളൂരു. പുനർവികസന പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രധാന മുഖമുദ്രയായി ഈ ടെർമിനൽ മാറും.
