ബെംഗളൂരു: കോവിഡ് രോഗവിമുക്തിക്കു ശേഷം സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട്, വിഷാദ രോഗത്തിലേക്ക് എത്താനിടയുള്ള ഒരുപാടു പേരുണ്ടെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ഇത്തരം ആളുകളെ മാനസിക സമ്മർദ്ദം കുറച്ച് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കോർപ്പറേഷൻ്റെ ആരോഗ്യ വിഭാഗം കൗൺസലിംഗ് പദ്ധതികൾ ആവിഷ്ക്കരിക്കുന്നു.
കോവിഡ് വിമുക്തിക്കു ശേഷം പാലിക്കേണ്ട ഭക്ഷണക്രമം, വ്യായാമം തുടങ്ങിയവയെ പറ്റി ആരോഗ്യ വിഭാഗം കൗൺസിലർമാർ കോവിഡ് വിമുക്തർക്കും, കുടുംബാംഗങ്ങൾക്കും വേണ്ട നിർദ്ദേശങ്ങൾ നൽകും. കോവിഡ് ഭേദമായതിനു ശേഷവും ചില രോഗലക്ഷണങ്ങൾ നിലനില്ക്കാനിടയുള്ള സാഹചര്യത്തിൽ വലിയ സമ്മർദ്ദമാണ് കോവിഡ് വിമുക്തർ അഭിമുഖീകരിക്കുന്നത്.
ഐ.സി.എം.ആർ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും സംസ്ഥാനത്തെ സാഹചര്യങ്ങളിൽ പ്ലാസ്മാ തെറാപ്പി ഏറെ ഫലപ്രദമാണെന്നാണ് ആരോഗ്യ വകുപ്പിൻ്റെ നിഗമനം. നിരവധി ബോധവൽക്കരണ പരിപാടികൾ നടത്തിയതിനു ശേഷവും നിലവിലെ സാഹചര്യത്തിൽ പ്ലാസ്മ ദാനം ചെയ്യാൻ തയ്യാറാവുന്നവർ വളരെ കുറവാണ്.
അതു കൊണ്ട് തന്നെ പ്ലാസ്മാ ദാനത്തിൻ്റെ കാര്യത്തിലും കൗൺസലിംഗ് നൽകേണ്ടതുണ്ട്.
വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണവും ഗൃഹ സന്ദർശനം നടത്തി കൗൺസലിംഗ് നടത്താൻ നിയോഗിക്കപ്പെടുന്ന ആരോഗ്യവിഭാഗം അംഗങ്ങൾ പ്രയോജനപ്പെടുത്തും.