ബെംഗളൂരു: സോഫ്റ്റ് വെയർ എൻജിനീയറായ ഭർത്താവ് സൈബർ തട്ടിപ്പിനിരയായതിൽ അരിശംപൂണ്ട് ഭാര്യ വിവാഹമോചനത്തിന്. ബെംഗളൂരു സ്വദേശിയായ യുവതിയാണ് ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയ ഭർത്താവിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചത്.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയിലെ സീനിയർ സോഫ്റ്റ് വെയർ എൻജിനീയറാണ് യുവതിയുടെ ഭർത്താവ്. കഴിഞ്ഞവർഷം യുവതി ഗർഭിണിയായതോടെ ഇയാൾ വിദേശരാജ്യങ്ങളിൽ ജോലിക്ക് ശ്രമിച്ചുതുടങ്ങി. കൂടുതൽ ശമ്പളവും മെച്ചപ്പെട്ട ജീവിതവുമായിരുന്നു ഇതിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ ജൂണിൽ ഇന്റർനെറ്റ് വഴി ദുബായിലെ ഒരു കമ്പനിയിൽ അവസരം ലഭിച്ചു. ഓൺലൈൻ വഴി അഭിമുഖങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം കമ്പനി അധികൃതർ 25 ലക്ഷം രൂപ യുവ എൻജിനീയറോട് ആവശ്യപ്പെട്ടു.
കമ്പനിയിലെ ജോലിസ്ഥിരത ഉറപ്പിക്കാനും മറ്റാരെയും നിയമിക്കാതിരിക്കാനുമാണ് പണം ചോദിക്കുന്നതെന്നായിരുന്നു വിശീദകരണം. ഇതനുസരിച്ച് യുവാവ് ഘട്ടംഘട്ടമായി പണം നൽകി. ഭാര്യയും അമ്മയും അറിയാതെ അപ്പാർട്ട്മെന്റ് വിൽക്കുകയും ചെയ്തു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ജോലിക്കാര്യം സംബന്ധിച്ച മറ്റുവിവരങ്ങൾ ലഭ്യമാകാതിരുന്നതോടെ തട്ടിപ്പിനിരയായെന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്ന് സെപ്റ്റംബറിൽ ബെംഗളൂരു പോലീസിൽ പരാതി നൽകുകയും ചെയ്തു.
ഈ സംഭവം എല്ലാവരുമറിഞ്ഞതിന് പിന്നാലെ എങ്ങനെയെങ്കിലും പണം തിരിച്ചുപിടിക്കാനായി യുവാവിന്റെ ശ്രമം. പോലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ചില ഹാക്കർമാരെ ഉപയോഗിച്ച് തട്ടിപ്പുകാരെ കണ്ടെത്താനായി ശ്രമം തുടങ്ങി. ഇതിനായി ഹാക്കർമാരായ ഒരു സ്ത്രീയെയും മറ്റൊരു പുരുഷനെയും ഇന്റർനെറ്റ് വഴി പരിചയപ്പെട്ടു. മോണിക്ക എന്ന പേരുള്ള ഹാക്കറുമായി കൂടുതൽ അടുപ്പത്തിലാവുകയും ചെയ്തു. 25 ലക്ഷം രൂപ തിരിച്ചുപിടിക്കാൻ ശ്രമിച്ച യുവാവ് ഇതിനായി 12 ലക്ഷം രൂപയാണ് മോണിക്ക എന്ന ഹാക്കർക്ക് കൈമാറിയത്.
ഭർത്താവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ ഭാര്യ കാര്യങ്ങൾ ചോദിക്കുകയും യുവാവ് എല്ലാം തുറന്നുപറയുകയുമായിരുന്നു. മോണിക്കയുമായി അടുത്തിടപഴകിയത് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ വേണ്ടി മാത്രമായിരുന്നുവെന്ന് ഇയാൾ പറഞ്ഞെങ്കിലും ഭാര്യ വിശ്വസിച്ചില്ല. മാത്രമല്ല, ഒരു സോഫ്റ്റ് വെയർ എൻജിനീയറായിട്ടും തുടർച്ചയായി സൈബർ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയതും യുവതിയെ ചൊടിപ്പിച്ചു. ഇതിനുപിന്നാലെയാണ് വിവാഹമോചന ആവശ്യവുമായി പരിഹാർ കൗൺസിലിനെ സമീപിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.