പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് മണികണ്ഠന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര പന്തളത്ത് നിന്ന് ഇന്ന് പുറപ്പെടും. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ അകമ്പടിയില്‍ 14 ന് ഘോഷയാത്ര സന്നിധാനത്ത് എത്തും.
ഇക്കുറി പോലീസ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം യുവതീ പ്രവേശനത്തെ എതിര്‍ത്ത് നാമജപത്തില്‍ പങ്കെടുത്ത ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. പമ്പയിലും പരിസര പ്രദേശങ്ങളിലും പൊലീസ് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പുലര്‍ച്ചെ പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെ തിരുവാഭരണ മാളികയില്‍ നിന്നും തിരുവാഭരണങ്ങള്‍ വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് മാറ്റി. ഇവിടെ ഭക്തര്‍ക്ക് തിരുവാഭരണ ദര്‍ശനം നടത്താന്‍ അവസരമുണ്ട്. 10 മണിയോടെ പന്തളം വലിയ തമ്പുരാന്‍ രേവതി തിരുനാള്‍ പി.രാമരാജയും രാജപ്രതിനിധി മൂലം നാള്‍ രാഘവവര്‍മ്മയും തിരുവാഭരണം മാളികയില്‍ നിന്നും സ്വീകരിച്ച് ക്ഷേത്രത്തില്‍ എത്തിക്കും.
12:30 ന് ഉച്ചപൂജക്ക് ശേഷം ഘോഷയാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും. ഉച്ചപൂജക്ക് ശേഷം ഉടവാള്‍ പൂജിച്ച് വലിയ തമ്പുരാന് നല്‍കും. ഇത് രാജപ്രതിനിധിക്ക് കൈമാറുന്നതോടെ യാത്രക്കുള്ള അനുമതി ആയി. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ പേടകത്തിലാക്കി കൊട്ടാരം കുടുംബം ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നള്ളിച്ച് ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ ചേര്‍ന്ന് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെയും സംഘത്തിന്റെയും ശിരസിലേറ്റും.
ആകാശത്ത് ദേവ സാന്നിധ്യമായ കൃഷ്ണ പരുന്തനെ സാക്ഷിയാക്കി ആയിരക്കണക്കിന് ഭക്തരുടെ ശരണം വിളികളുടെ അകമ്പടിയില്‍ ക്ഷേത്രത്തിന് വലത്ത് വെച്ച് മേടക്കല്‍ വഴി കൈപ്പുഴ കൊട്ടാരത്തില്‍ വലിയ തമ്പുരാട്ടിയെ കണ്ട് പരമ്പരാഗത തിരുവാഭരണ പാതയിലൂടെ ശബരിമലയിലേക്ക് യാത്രയാകും.
ആദ്യദിനം ആയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ തങ്ങുന്ന തിരുവാഭരണ സംഘം മകരവിളക്ക് ദിവസമായ 14 ന് പുലര്‍ച്ചെ രണ്ടിന് ളാഹയില്‍ നിന്നും യാത്ര ആരംഭിച്ച് കാനനപാതവഴി പമ്പയില്‍ എത്താതെ വലിയാനവട്ടം വഴി നീലിമല കയറി സന്നിധാനത്ത് എത്തും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.