ബെംഗളൂരു: ഓണം ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള യാത്രക്കാരുടെ വൻ തിരക്ക് പരിഗണിച്ച് എറണാകുളത്തിനും എസ്.എം.വി.ടി ബെംഗളൂരുവിനുമിടയിൽ വാരാന്ത്യ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. ഇതിനുപുറമേ, പ്രയാഗ്രാജ് ജംഗ്ഷനും യശ്വന്ത്പൂരിനുമിടയിൽ നോർത്ത് സെൻട്രൽ റെയിൽവേയും പ്രത്യേക ട്രെയിനുകൾ ഓടിക്കും.
എറണാകുളം – എസ്.എം.വി.ടി ബെംഗളൂരു സ്പെഷ്യൽ
എറണാകുളത്തു നിന്നുള്ള പ്രത്യേക ട്രെയിൻ (06147) ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 6 വരെയുള്ള ഞായറാഴ്ചകളിൽ രാത്രി 11.10-ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 12.45-ന് എസ്.എം.വി.ടി ബെംഗളൂരുവിൽ എത്തും.
മടക്ക സർവീസിൽ ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ (06148) ഓഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 7 വരെയുള്ള തിങ്കളാഴ്ചകളിൽ വൈകുന്നേരം 4 മണിക്ക് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ 5.45-ന് എറണാകുളത്ത് എത്തിച്ചേരും.
പ്രയാഗ്രാജ് – യശ്വന്ത്പൂർ സ്പെഷ്യൽ
പ്രയാഗ്രാജ് ജംഗ്ഷനിൽ നിന്നുള്ള ട്രെയിൻ (04149) ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 23 വരെയുള്ള ബുധനാഴ്ചകളിൽ വൈകുന്നേരം 6 മണിക്ക് പുറപ്പെട്ട് വെള്ളിയാഴ്ച രാത്രി 9 മണിക്ക് യശ്വന്ത്പൂരിൽ എത്തും.
മടക്ക സർവീസിൽ യശ്വന്ത്പൂരിൽ നിന്നുള്ള ട്രെയിൻ (04150) ഓഗസ്റ്റ് 8 മുതൽ സെപ്റ്റംബർ 26 വരെയുള്ള ശനിയാഴ്ചകളിൽ രാവിലെ 7 മണിക്ക് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6.30-ന് പ്രയാഗ്രാജ് ജംഗ്ഷനിൽ എത്തിച്ചേരും.
