രാജ്യത്തെ ടോൾപ്ലാസകളെല്ലാം ഫാസ്‍ടാഗ് ട്രാക്കുകളാക്കുന്നു, ടാഗില്ലെങ്കിൽ കനത്ത പിഴ!!

ന്യൂഡൽഹി: ഡിസംബര്‍ ഒന്ന് മുതല്‍ രാജ്യത്തെ ടോൾപ്ലാസകളെല്ലാം പൂർണമായും ഫാസ്‍ടാഗ് ട്രാക്കുകളാക്കുന്നു. എല്ലാ ട്രാക്കുകളിലും ഡിജിറ്റൽ സംവിധാനം വരുന്നതോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.

ഇതോടെ ഈ സംവിധാനമില്ലാത്ത വാഹനങ്ങൾക്ക് ടോൾപ്ലാസ കടക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 ഡിസംബർ മുതൽ പുറത്തിറങ്ങുന്ന രാജ്യത്തെ എല്ലാ പുതിയ നാലുചക്ര വാഹനങ്ങള്‍ക്കും കേന്ദ്ര ഗതാഗത മന്ത്രാലയം ഫാസ്‍ ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് അന്ന് ഗതാഗത മന്ത്രാലയം വാഹനങ്ങളില്‍ ഫാസ് ടാഗ് നിര്‍ബന്ധമാക്കിയത്.

പുതിയ വാഹനങ്ങളില്‍ ഫാസ് ടാഗ് ഘടിപ്പിക്കാനുള്ള മുഴുവന്‍ ഉത്തരവാദിത്വവും വാഹന ഡീലര്‍മാര്‍ക്കാണെന്നും അന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ദേശീയ പാതകളിലെ ടോൾ പ്ലാസകളിലെ എല്ലാ ട്രാക്കുകളും ഫാസ്‍ടാഗ് ലൈനുകളാക്കുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ പുതിയ ഉത്തരവ്.

ഡിസംബർ ഒന്നു മുതൽ തന്നെ പുതിയ സംവിധാനം നിലവിൽ വരുമെന്നും വലിയ വാഹനങ്ങൾ കടന്നു പോകുന്ന ട്രാക്കുകളിൽ മാത്രമെ തൽക്കാലത്തേക്ക് ഫാസ്‍ടാഗിന് പുറമെ പണം നൽകി കടന്നു പോകാൻ അനുവദിക്കുകയുള്ളുവെന്നും അല്ലാത്ത ലൈനുകളിൽ ഫാസ് ടാഗില്ലെങ്കിൽ ഡിസംബർ ഒന്നു മുതൽ ഇരട്ടിത്തുക അടയ്ക്കേണ്ടി വരുമെന്നുമാണ് പുതിയ ഉത്തരവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ നിയമം കര്‍ശനമായി തന്നെ നടപ്പിലാക്കണമെന്നും ഇതുമൂലമുണ്ടായേക്കാവുന്ന ക്രമസമാധാന പ്രശ്‍നങ്ങള്‍ തടയാന്‍ മുന്‍കരുതലെടുക്കണമെന്നും ആവശ്യപ്പെട്ട് നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യക്ക്, ഗതാഗതമന്ത്രാലയം കത്തയച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us