ബെംഗളൂരു: അന്ത്യോപചാരം അർപ്പിക്കാനെത്തിയത് ആയിരങ്ങൾ, പൊട്ടിക്കരഞ് ജീവനക്കാർ, നഷ്ടമായത് കർണാടകത്തിൽ ഏറ്റവും കൂടുതൽപേർക്ക് തൊഴിൽ നൽകിയ സംരംഭകൻ. രാജ്യത്തെ മുൻനിര കോഫിഹൗസ് ശൃംഖലയായ ‘കഫേ കോഫി ഡേ’യുടെ ഉടമ വി.ജി. സിദ്ധാർഥയുടെ മരണത്തിന്റെ ഞെട്ടലിലാണ് ജീവനക്കാർ.
സിദ്ധാർഥയുടെ സ്ഥാപനത്തിൽ പതിനായിരക്കണക്കിനുപേരാണ് ജോലിചെയ്യുന്നത്. എന്നാൽ, സ്ഥാപനത്തിന്റെ ഉടമ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ജീവനക്കാർ അറിഞ്ഞിരുന്നില്ല. ജീവനക്കാരുടെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ തടസ്സപ്പെട്ടിരുന്നില്ല. ബുധനാഴ്ച രാവിലെ നേത്രാവതി നദിയിൽനിന്ന് മൃതദേഹം കണ്ടെത്തിയെന്ന വിവരമറിഞ്ഞതോടെ മൃതദേഹം പൊതുദർശനത്തിനുവെച്ച ചിക്കമഗളൂരുവിൽ ആയിരങ്ങളാണ് അന്ത്യോപചാരമർപ്പിക്കാനെത്തിയത്.
മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മുൻ മന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങി രാഷ്ട്രീയഭേദമന്യേ നേതാക്കൾ ആദരാഞ്ജലിയർപ്പിക്കാനെത്തി. മൃതദേഹം കണ്ടെത്തിയതോടെ കർണാടകത്തിലെ കഫേ കോഫി ഡേ ശൃംഖലയും മറ്റു സ്ഥാപനങ്ങളും അടച്ചിട്ടു. ജീവനക്കാർ പൊട്ടിക്കരയുന്നതും കാണാമായിരുന്നു.
സിദ്ധാർഥയുടെ മരണം തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ, മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, മുൻമന്ത്രി ഡി.കെ. ശിവകുമാർ, എം.പി.മാരായ ശോഭ കരന്തലജെ, രാജീവ് ചന്ദ്രശേഖർ തുടങ്ങി വിവിധ നേതാക്കൾ സിദ്ധാർഥയുടെ മരണത്തിൽ അനുശോചിച്ചു.
വിവരമറിഞ്ഞ് ഒട്ടേറെപ്പേർ ബെംഗളൂരുവിൽ മുൻമുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ വീട്ടിലെത്തി. കൃഷ്ണയുടെ മൂത്തമകൾ മാളവികയുടെ ഭർത്താവാണ് സിദ്ധാർഥ. എസ്.എം. കൃഷ്ണയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചിക്കമഗളൂരുവിലേക്ക് പോയിരുന്നു. കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം ചേർന്ന് ചെയർമാൻ വി.ജി. സിദ്ധാർഥയുടെ മരണത്തിൽ അനുശോചിച്ചു.
കർണാടകത്തിൽ ഏറ്റവും കൂടുതൽപേർക്ക് തൊഴിൽ നൽകിയ സംരംഭകനെയാണ് നാടിനു നഷ്ടപ്പെട്ടത്. ഉഡുപ്പി, ചിക്കമഗളൂരു, കുടക് മേഖലകളിൽ ഒട്ടേറെപ്പേരാണ് കാപ്പിത്തോട്ടത്തിലും സ്ഥാപനങ്ങളിലുമായി ജോലിചെയ്യുന്നത്. 50,000-ത്തോളംപേർക്കാണ് ജോലിനൽകിയത്. 1996-ലാണ് കഫേ കോഫി ഡേയുടെ ആദ്യത്തെ കട ബെംഗളൂരുവിൽ ആരംഭിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.