ലോകകപ്പില്‍ നാളെ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിൽ ഇന്ത്യ ധരിക്കുന്ന എവേ ജഴ്‌സി പുറത്തിറക്കി. നീല നിറത്തിനൊപ്പം ഓറഞ്ച് നിറവും ചേർന്നാണ് പുതിയ ജേഴ്‌സി ഒരുക്കിയിരിക്കുന്നത്.
ആതിഥേയരായ ഇംഗ്ലണ്ടിന്റെ ഹോം ജഴ്‌സിയും നീലനിറത്തിലായതിനാലാണ് ഇംഗ്ലണ്ടിനെതിരേ മാത്രം ഇന്ത്യക്ക് ഈ ജഴ്‌സി ധരിക്കേണ്ടി വരുന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാക്കളായ നൈക്കിയാണ് ഇന്ത്യക്കു വേണ്ടി ജഴ്‌സി രൂപകല്‍പന ചെയ്‌തിരിക്കുന്നത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ബി.സി.സി.ഐയാണ് ജഴ്‌സി പുറത്തിറക്കിയതായി അറിയിച്ചത്.
Presenting #TeamIndia's Away Jersey 🤩🤩🇮🇳🇮🇳 What do you make of this one guys? #TeamIndia #CWC19 pic.twitter.com/TXLuWhD48Q
— BCCI (@BCCI) June 28, 2019
എന്നാല്‍, ഇന്ത്യന്‍ ടീം ഓറഞ്ച് ജെഴ്സിയില്‍ ഇറങ്ങുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍. ജഴ്‌സിയുടെ നിറം ഓറഞ്ചായി തിരഞ്ഞെടുത്തതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നും കാവിവൽക്കരണമാണിതെന്നുമാണ് ആരോപണം.
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ നസീം ഖാന്‍, സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബു അസിം അസ്മി എന്നിവരാണ് ആരോപണവുമായി രംഗത്തെത്തിയത്.
ഇന്ത്യയുടെ ത്രിവർണത്തില്‍ നിന്ന് എന്ത് കൊണ്ടാണ് ഓറഞ്ച് മാത്രം തിരഞ്ഞെടുത്തതെന്നാണ് അസ്മി ചോദിക്കുന്നത്. ത്രിവർണത്തെ ബഹുമാനിക്കുകയും രാഷ്ട്ര ഐക്യത്തെ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു വേണ്ടതെന്ന് കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ നസീം ഖാന്‍ പറഞ്ഞു.
ഇതിനിടെ ഓറഞ്ച് ജഴ്‌സിക്ക് പിന്തുണയുമായി കേന്ദ്ര മന്ത്രി രാംദാസ് അതാവലെ രംഗത്തെത്തി. ഇത് ധൈര്യത്തിന്‍റെയും വിജയത്തിന്‍റെയും നിറമാണ്. ആരും അതില്‍ പ്രശ്‌നമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ടീമിന്‍റെ ഭാഗ്യ ജെഴ്സിയാണ് നീലയെന്നാണ് പറയാറുള്ളതെങ്കിലും ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഓറഞ്ച് ജെഴ്സിയില്‍ ടീമിറങ്ങുന്നത്. ആതിഥേയരായ ഇംഗ്ലണ്ട്, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക ടീമുകള്‍ക്കെല്ലാം നീല ജെഴ്സിയായതിനാല്‍ ആശയക്കുഴപ്പം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇത് കണക്കിലെടുത്ത് ഹോം ആന്‍ഡ് എവേ കിറ്റുകള്‍ എന്ന ആശയം ഐസിസി മുന്നോട്ട് വയ്ക്കുകയായിരുന്നു. എല്ലാ ടീമുകളും പ്രധാന ജെഴ്സി കൂടാതെ മറ്റൊന്നുകൂടി കരുതണമെന്ന് നേരത്തെ ഐസിസി അറിയിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.