ബെംഗളൂരു: എയ്റോ- ഇന്ത്യയ്ക്ക് ബെംഗളൂരുവിൽ തുടക്കംകുറിച്ചപ്പോൾ കളം നിറഞ്ഞ് ഫ്രാൻസിന്റെ റഫാൽ യുദ്ധവിമാനം! വിവാദക്കൊടുങ്കാറ്റുയർത്തിയ റഫാൽ ശക്തി തെളിയിച്ചു.
എയർഷോക്കെത്തിയവരുടെ ശ്രദ്ധയും റഫാലിലായിരുന്നു. റഫാൽ ഏറ്റവു മികച്ച യുദ്ധവിമാനമാണെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ അലക്സാണ്ടർ സീഗ്ലർ അവകാശപ്പെട്ടു. ആറ് മാസത്തിനുള്ളിൽ ഇത് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും.
റഫാൽ കരാറിൽ അഴിമതിയൊന്നും കാണാനായിട്ടില്ലെന്നും റഫാലിന്റെ പ്രകടനത്തിനുശേഷം അദ്ദേഹം പറഞ്ഞു. ഫ്രാൻസിൽനിന്ന് മൂന്ന് റാഫാൽ വിമാനങ്ങളാണ് പ്രദർശനത്തിനെത്തിയത്. ദസോ ഏവിയേഷനുമായുണ്ടാക്കിയ കരാറിൽ 36 റഫാൽ യുദ്ധവിമാനമാണ് ഇന്ത്യ വാങ്ങുന്നത്.
കഴിഞ്ഞദിവസം സൂര്യകിരൺ എയ്റോബാറ്റിക് സംഘത്തിന്റെ വിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച പൈലറ്റ് വിങ് കമാൻഡർ സഹിൽ ഗാന്ധിക്ക് ആദരാജ്ഞലിയർപ്പിച്ചാണ് എയർഷോ തുടങ്ങിയത്. രാജ്യത്തിന്റെ യുദ്ധവിമാനങ്ങളായ ജാഗ്വർ, തേജസ്, സുഖോയ്- 30 വിമാനങ്ങൾചേർന്ന് ആകാശത്ത് ആദരവ് പ്രകടിപ്പിച്ചു. തേജസിന്റെ കോക്പിറ്റിൽ മലയാളിയായ വിങ് കമാൻഡർ പ്രശാന്ത് നായരായിരുന്നു. 1940-കളിലെ വിന്റേജ് വിമാനമായ ഡക്കോട്ട ഡി.സി -3 യുടെ പ്രകടനത്തോടെയാണ് വ്യോമപ്രദർശനത്തിന് തുടക്കംകുറിച്ചത്. വിമാനത്തെ നിയന്ത്രിച്ചത് മലയാളിയായ ഗ്രൂപ്പ് ക്യാപറ്റൻ അജയ് മോനോനാണ്. തുടർന്ന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിന്റെ (എച്ച്.എ.എൽ.) രുദ്ര, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ, ലഘുയുദ്ധ ഹെലികോപറ്റർ എന്നിവയുടെ പ്രകടനമായിരുന്നു. പിന്നാലെ മിഗ്-21, തേജസ്, സുഖോയ്-30, എത്തി.
തുടർന്നാണ് റഫാൽ, അമേരിക്കയുടെ എഫ്- 16 , ബി- 52 യുദ്ധവിമാനങ്ങൾ ആകാശക്കാഴ്ചയൊരുക്കി. പരിശീലനത്തിനിടെ അപകടംനടന്നതിനാൽ സൂര്യകിരൺ എയ്റോബാറ്റിക് സംഘത്തിന്റെ പ്രകടനം റദ്ദാക്കിയിരുന്നു. എയ്റോസ്പേസ് രംഗത്ത് പ്രവർത്തിക്കുന്ന വിവിധ കമ്പനികളുടെ 403 പവലിയനുകളാണ് എയ്റോ ഇന്ത്യയിലുള്ളത്. പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ, പ്രതിരോധ സഹമന്ത്രി സുഭാഷ് ബാമറെ, കര, നാവിക, വ്യോമ സേനാമേധാവികളും ചടങ്ങിൽ പങ്കെടുത്തു. അമേരിക്ക, ബ്രിട്ടൺ, സ്പെയിൻ, റഷ്യ തുടങ്ങി വിദേശപ്രതിനിധികളും പങ്കെടുത്തു. വ്യോമപ്രദർശനം 24-ന് സമാപിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.