ബെംഗളൂരു: മേക്കേദാട്ട് അണക്കെട്ടിന്റെ സാധ്യതാ(കരട്) റിപ്പോർട്ട് കേന്ദ്രസർക്കാർ അംഗീകരിച്ചു തമിഴ്‌നാടിന്റെ എതിർപ്പിനെ അവഗണിച്ചാണ് ഇത്.വിശദമായ പദ്ധതി തയ്യാറാക്കുന്നതിന് കർണാടകത്തിന് കേന്ദ്രം അനുമതി നൽകുകയും ചെയ്തു.
കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ജലവിഭവ മന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
കാവേരി നദിയിൽ ഇനിയും കൂടുതൽ അണക്കെട്ട് നിർമിക്കുന്നത് വെള്ളം ലഭിക്കുന്നതിൽ തടസ്സമുണ്ടാക്കുമെന്നായിരുന്നു തമിഴ്‌നാടിന്റെ വിലയിരുത്തൽ.
ബെംഗളൂരുവിനും സമീപജില്ലയിലും കുടിവെള്ളം എത്തിക്കാനാണ് മേക്കേദാട്ടിൽ അണക്കെട്ട് നിർമിക്കുന്നതെന്നാണ് കർണാടകത്തിന്റെ വാദം. കാവേരി നദീജലം പങ്കുവെക്കുന്നത് സംബന്ധിച്ച് വർഷങ്ങളായി ഇരു സംസ്ഥാനങ്ങളും വലിയ തര്‍ക്കം നില നില്‍ക്കുകയാണ്.
കർണാടകത്തിന്റെ നടപടിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനാണ് തമിഴ്‌നാടിന്റെ തീരുമാനം എന്നറിയുന്നു. തമിഴ്‌നാടിന്റെ അനുമതിയില്ലാതെയുള്ള അണക്കെട്ട് നിർമാണ നീക്കം തടയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് തമിഴ്‌നാട് കത്തയച്ചു.
മേക്കേദാട്ടിൽ അണക്കെട്ട് നിർമിക്കാനുള്ള കർണാടകത്തിന്റെ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും ഇത് തമിഴ്‌നാടിന്റെ താത്‌പര്യത്തിന് വിരുദ്ധമാണെന്നും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഒക്ടോബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് അണക്കെട്ട് നിർമാണത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അണക്കെട്ട് നിർമിക്കാനുള്ള നീക്കം സുപ്രീംകോടതിവിധിക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
കനകപുരജില്ലയിലെ മേക്കേദാട്ടിൽ 5000 കോടി രൂപ ചെലവിട്ട് അണക്കെട്ട് നിർമിക്കാനാണ് തീരുമാനം. അണക്കെട്ടിൽ 67 ടി.എം.സി. അടി വെള്ളം ശേഖരിക്കാനുള്ള ശേഷിയുണ്ടാകും. കാവേരിനദിയിൽനിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുത്തതിനുശേഷമുള്ള വെള്ളം കുടിവെള്ളാവശ്യത്തിന് ഉപയോഗിക്കാൻ അണക്കെട്ട് നിർമാണത്തിലൂടെ കഴിയുമെന്ന് മന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
കാവേരി ട്രിബ്യൂണൽ ഉത്തരവനുസരിച്ച് തമിഴ്നാടിന് കാവേരി നദിയിൽനിന്ന് 192 ടി.എം.സി. അടി വെള്ളം വിട്ടുകൊടുക്കണം. വിനോദസഞ്ചാര കേന്ദ്രമായ മേക്കേദാട്ടിൽ പാറക്കെട്ടുകൾക്കിടയിലൂടെയാണ് കാവേരിനദി ഒഴുകുന്നത്. ഇവിടത്തെ വെള്ളച്ചാട്ടം കാണാൻ നിരവിധിപ്പേരാണ് എത്തുന്നത്. കാവേരി നദിയിലെ കെ.ആർ.എസ്, കമ്പനി അണക്കെട്ടുകളിൽ നിന്നാണ് കർണാടകം തമിഴ്‌നാടിന് വെള്ളം നൽകുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.