ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു.

മുംബൈ : ചലച്ചിത്രതാരം ശ്രീദേവി (54) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ശനി രാത്രി 11.30 ന് ദുബായിൽവച്ചായിരുന്നു അന്ത്യം. ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നതായാണ് വിവരം. ബോളിവുഡ് നടൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്. ബോണി കപൂറിന്റെ സഹോദരൻ സഞ്ജയ് കപൂർ മരണവിവരം സ്ഥിരീകരിച്ചു.

1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛൻ അയ്യപ്പൻ അഭിഭാഷകനായിരുന്നു. അമ്മ രാജേശ്വരി. തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്തെത്തിയത്. ‘പൂമ്പാറ്റ’യിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 1976 ൽ പതിമൂന്നാം വയസ്സിൽ, കെ.ബാലചന്ദർ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തിൽ കമൽഹാസനും രജനീകാന്തിനുമൊപ്പം നായികയായി അരങ്ങേറി. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി ബോളിവുഡിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പട്ടത്. 2013 ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. 1981 ൽ മൂന്നാംപിറയിെല അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. ഈ വർഷം പുറത്തിറങ്ങുന്ന സീറോ ആണ് അവസാനചിത്രം. മക്കൾ: ജാഹ്നവി, ഖുഷി.

മൂണ്ട്രു മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കൾ, മൂന്നാം പിറ, മിസ്റ്റർ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. കുമാരസംഭവം, പൂമ്പാറ്റ, ആന വളർത്തിയ വാനമ്പാടിയുടെ മകൻ, സത്യവാൻ സാവിത്രി, ദേവരാഗം ഉൾപ്പെടെ 26 ഓളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us