ബെംഗളൂരു: നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി 37-കാരൻ ജീവനൊടുക്കി. ബെംഗളൂരു യെല്ലോ ലൈനിലെ ഹുസ്കൂർ റോഡ് മെട്രോ സ്റ്റേഷനിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് നടുക്കുന്ന സംഭവം നടന്നത്. റായ്ച്ചൂർ സ്വദേശിയും നിലവിൽ ഹെബ്ബഗോഡിക്ക് സമീപം അനന്തനഗറിൽ താമസക്കാരനുമായ രാജേഷ് എസ്. ഹിരേമഠ് ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് യെല്ലോ ലൈനിലെ മെട്രോ സർവീസുകൾ രണ്ട് മണിക്കൂറിലേറെ തടസ്സപ്പെട്ടു.
അധ്യാപകനായും ഡിജിറ്റൽ ന്യൂസ് പ്ലാറ്റ്‌ഫോമുകളിൽ കണ്ടന്റ് റൈറ്ററായും എഡിറ്ററായും പ്രവർത്തിച്ചിട്ടുള്ള രാജേഷ്, സ്വകാര്യ മാധ്യമ സ്ഥാപനത്തിൽ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററായും ജോലി ചെയ്തിരുന്നു. നാല് മാസങ്ങൾക്ക് മുൻപാണ് ഇയാൾ ജോലി ഉപേക്ഷിച്ചത്. തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടുകളും വ്യക്തിപരമായ കാരണങ്ങളും മൂലമുണ്ടായ കടുത്ത വിഷാദരോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
തിങ്കളാഴ്ച വൈകീട്ട് 5.50-ഓടെയാണ് സംഭവം. ഹുസ്കൂർ റോഡ് മെട്രോ സ്റ്റേഷനിൽ സ്കൂട്ടറിലെത്തിയ രാജേഷ് വാഹനം പാർക്ക് ചെയ്ത ശേഷം പ്ലാറ്റ്‌ഫോമിലേക്ക് കയറുകയായിരുന്നു. തുടർന്ന് ബൊമ്മസാന്ദ്രയിൽ നിന്ന് ആർ.വി റോഡിലേക്ക് വരികയായിരുന്ന മെട്രോ ട്രെയിനിന് മുന്നിലേക്ക് ഇയാൾ എടുത്തുചാടി. ട്രാക്കിൽ ആളുനിൽക്കുന്നത് കണ്ട് ട്രെയിൻ ഓപ്പറേറ്റർ അടിയന്തര ബ്രേക്ക് ഇട്ടെങ്കിലും അപകടം ഒഴിവാക്കാനായില്ല.
ഉടൻ തന്നെ സ്റ്റേഷൻ അധികൃതരും സുരക്ഷാ ജീവനക്കാരും ചേർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ട്രാക്കിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പോലീസിന്റെയും മെട്രോ ജീവനക്കാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി മൃതദേഹം ട്രാക്കിൽ നിന്ന് മാറ്റി. തുടർന്ന് ട്രാക്കിലെ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി രാത്രി 7.57-ഓടെയാണ് ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിച്ചത്.
അപകടത്തെ തുടർന്ന് വൈകീട്ട് 5.55 മുതൽ 8 മണി വരെ ഹുസ്കൂർ റോഡ്, ഹെബ്ബഗോഡി, ഇലക്ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര സ്റ്റേഷനുകൾക്കിടയിൽ സർവീസ് തടസ്സപ്പെട്ടു. ഈ സമയത്ത് ആർ.വി റോഡ് മുതൽ ഇലക്ട്രോണിക് സിറ്റി വരെ മാത്രമാണ് ട്രെയിനുകൾ സർവീസ് നടത്തിയത്. യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ബെംഗളൂരു ട്രാൻസ്പോർട്ട് കോർപ്പറേഷൻ (BMTC) പ്രത്യേക ഫീഡർ ബസ് സർവീസുകൾ നടത്തുകയും യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക തിരികെ നൽകുകയും ചെയ്തു.
സംഭവത്തിൽ ഹെബ്ബഗോഡി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2011-ൽ നമ്മ മെട്രോ പ്രവർത്തനം ആരംഭിച്ചതിനു ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന നാലാമത്തെ ആത്മഹത്യയാണിത്. മെട്രോ ട്രാക്കുകളിലേക്ക് ആളുകൾ ചാടുന്നത് തടയുന്നതിനായി എല്ലാ സ്റ്റേഷനുകളിലും 1,273.83 കോടി രൂപ ചെലവിൽ ‘പ്ലാറ്റ്‌ഫോം സ്ക്രീൻ ഡോറുകൾ’ (Platform Screen Doors) സ്ഥാപിക്കാൻ ബി.എം.ആർ.സി.എൽ പദ്ധതിയിടുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]