ബെംഗളൂരു : കുറഞ്ഞ വിലയിൽ ഫ്ലാറ്റ് വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിൽ റിയൽ എസ്റ്റേറ്റ് ഉടമ സച്ചിൻ നായികിന്റെ 17 വസ്തുവകകൾ ഉടൻ ലേലം ചെയ്യും. കേസ് അന്വേഷിക്കുന്ന സിഐഡി ഉദ്യോഗസ്ഥർ ലേലം ചെയ്യേണ്ട വസ്തുവകകളുടെ വിശദാംശങ്ങൾ രണ്ടാഴ്ച മുൻപു റവന്യുവകുപ്പിനു സമർപ്പിച്ചിരുന്നു. ഇത് ഓൺലൈൻ വഴി ഉടൻ വിൽപനയ്ക്കു വയ്ക്കുമെന്നും ഇതിലൂടെ ലഭിക്കുന്ന തുക തട്ടിപ്പിനിരയായവർക്കു വീതിച്ചു നൽകുമെന്നുമാണ് വിവരം.
ഡ്രീംസ് ജികെ/ഇൻഫ്രാ, ടിജിഎസ് കൺസ്ട്രക്‌ഷൻ, ഗൃഹകല്യാൺ തുടങ്ങിയ വ്യാജ കമ്പനികളുടെ പേരിൽ ബെംഗളൂരുവിൽ അൻപതോളം അപാർട്മെന്റ് പദ്ധതികൾ പ്രഖ്യാപിച്ച് ആയിരം കോടിയിലേറെ രൂപ തട്ടിയെന്നാണു സച്ചിൻ നായികിനും കൂട്ടാളികൾക്കുമെതിരായ കേസ്. സുമന്ത് കുമാർ, യോഗേഷ് ചൗധരി എന്നീ പേരുകളിലും കമ്പനികൾ രൂപീകരിച്ച നായികിനു പുറമെ ആദ്യഭാര്യ ആയിഷ, എംഡിമാരിൽ ഒരാളായ കെ.എം.അനൂപ് എന്നിവരും പിടിയിലായിരുന്നു.
ജാമ്യത്തിലുള്ള നായികിനെതിരെ സിഐഡി കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഇയാളുടെ ഉടമസ്ഥതയിൽ ബെംഗളൂരുവിൽ 55 ഇടങ്ങളിൽ വസ്തുവകകളുണ്ടെങ്കിലും ഇവയിൽ 38 എണ്ണം ലേലത്തിൽ വയ്ക്കാൻ നിയമതടസ്സമുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. നഗരത്തിലെ കണ്ണായ ഇടങ്ങളിൽപോലും കുറഞ്ഞവിലയിൽ ഫ്ലാറ്റുകൾ വാഗ്ദാനം ചെയ്താണ് ഇയാൾ നിക്ഷേപകരെ ആകർഷിച്ചിരുന്നത്. വീട് സ്വപ്നം കണ്ടുനടന്ന ആയിരക്കണക്കിനാളുകൾ മോഹനവാഗ്ദാനങ്ങളിൽ വീണു.
നിർമാണ പുരോഗതി വിലയിരുത്താൻ എത്തിയവരെ മറ്റു കമ്പനികളുടെ ഉടമസ്ഥതയിലുള്ള സ്ഥലവും കെട്ടിടങ്ങളും കാണിച്ചു കബളിപ്പിച്ചു. ആദ്യം നാലു പദ്ധതികൾ കൃത്യമായി പൂർത്തീകരിച്ച സച്ചിൻ ഇവയെക്കുറിച്ചു പരസ്യം നൽകി വിശ്വാസ്യത നേടിയെടുത്തു. പലരും ലക്ഷക്കണക്കിനു രൂപ മുൻകൂറായി നൽകി. ആകെ തുകയുടെ അൻപതു ശതമാനത്തിലേറെ നൽകിയവരുമുണ്ട്.
വ്യാജ പദ്ധതികളിലേറെയും എച്ച്എസ്ആർ ലേഔട്ട്, ബെലന്തൂർ, സിൽക്ക്ബോർഡ്, ആനേക്കൽ, ഇലക്ടോണിക് സിറ്റി എന്നിവിടങ്ങളിലായിരുന്നു. മഹാരാഷ്ട്ര രത്‌നഗിരി സ്വദേശി സച്ചിൻ നായിക് രണ്ടാം ഭാര്യ മൻദീപ് കൗറിന്റെപേരിലാണു ടിജിഎസ് എന്ന കമ്പനി രൂപീകരിച്ചത്. റിയൽ എസ്റ്റേറ്റ് തട്ടിപ്പിലൂടെ സമ്പാദിച്ച കോടികൾ ഉപയോഗിച്ച് അനുരാധ എന്ന പേരിൽ 2014ൽ ഹിന്ദി സിനിമയും നിർമിച്ച സച്ചിൻ, ദിഷ എന്ന പേരിലും അറിയപ്പെടുന്ന ഭാര്യ ആയിഷയ്ക്കു പ്രധാന വേഷവും നൽകി.
കബളിപ്പിക്കപ്പെട്ടവർ നൽകിയ പരാതിയിൽ കഴിഞ്ഞ ഡിസംബറിലാണു സച്ചിൻ നായികിനെ മഡിവാള പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ പരാതികൾ ലഭിച്ചതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശം അനുസരിച്ചു കഴിഞ്ഞ ഏപ്രിലിൽ കേസ് സിഐഡി ഏറ്റെടുത്തു. ഡ്രീംസ് ഉൾപ്പെടെ കർണാടകയിൽ റിയൽ എസ്റ്റേറ്റ് തട്ടിപ്പു നടത്തിയ കമ്പനികളുടെ പേരുകളും മാസങ്ങൾക്കു മുൻപ് സിഐഡി പുറത്തുവിട്ടു.
അഗ്രി ഗോൾഡ് കമ്പനി (1640 കോടി രൂപ), ഹിന്ദുസ്ഥാൻ ഇൻഫ്രാക്കോൺ (389 കോടി), സെവൻ ഹിൽസ് (81 കോടി), ഡ്രീംസ് ഇൻഫ്ര (573 കോടി), ടിജിഎസ് കൺസ്ട്രക്‌ഷൻ (260 കോടി), ഗൃഹകല്യാൺ (227 കോടി), വൃഖ ബിസിനസ് (30 കോടി), ഹർഷ എന്റർടെയ്ൻമെന്റ് (136 കോടി), മൈത്രി പ്ലാന്റേഷൻ (10 കോടി), ഗ്രീൻ ബഡ്സ് അഗ്രോഫാം ലിമിറ്റഡ് (54 കോടി) തുടങ്ങിയ കമ്പനികളാണു ജനങ്ങളെ കബളിപ്പിച്ചു കോടികൾ തട്ടിയത്.
∙ ഭൂമി–ഫ്ലാറ്റ് വാങ്ങുന്നവർ അറിയാൻ കർണാടകയിൽ ഭൂമിയോ വീടോ ഫ്ലാറ്റോ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് www.slcc.kar.nic.in എന്ന വെബ്‌സൈറ്റിലൂടെ കമ്പനികൾ അംഗീകാരം ഉള്ളവയാണോ എന്നുറപ്പു വരുത്താം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.