തിരുവനന്തപുരം: ലോ അക്കാഡമി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ചു നാളെ ഹർത്താൽ. തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ നടത്താനാണു ബിജെപി തീരുമാനം.
പേരൂർക്കടയിൽ നടത്തിയ റോഡ് ഉപരോധം സംഘർഷത്തിലെത്തിയതോടെയാണു പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. ഉപരോധം നടത്തിയ പ്രവർത്തകർ വാഹനങ്ങൾക്കു നേരെ കല്ലെറിഞ്ഞു. ഇവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു.
നിരവധി പ്രവർത്തകർക്ക് ലാത്തിയടിയേറ്റു. ബിജെപി നേതാക്കളായ കെ സുരേന്ദ്രന്റെയും വി വി രാജേഷിന്റെയും നേതൃത്വത്തിലാണ് പേരൂർക്കടയിൽ റോഡ് ഉപരോധം നടന്നത്. ലോ അക്കാദമി ലോ കോളജ് പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചത്. സ്ത്രീകൾ ഉൾപ്പടെയുള്ള പ്രവർത്തകർ ഉപരോധത്തിന് എത്തി.
ഉപരോധം നടത്തിയവർ റോഡു ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. ഇതിനിടെ, വാഹനങ്ങൾക്കു നേരെ കല്ലേറുമുണ്ടായി. ഇതോടെയാണു പൊലീസ് ഉപരോധക്കാരെ പിരിച്ചുവിടാൻ നടപടി ആരംഭിച്ചത്. പൊലീസിനു നേർക്കും കൈയേറ്റ ശ്രമം ഉണ്ടായതോടെ ലാത്തിച്ചാർജ് നടത്തുകയായിരുന്നു. ഇതിനു പിന്നാലെ ജലപീരങ്കിയും പ്രയോഗിച്ചു.
സ്ത്രീകളെ ഉൾപ്പെടെ പൊലീസ് ആക്രമിച്ചുവെന്ന് ആരോപിച്ചാണു ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.