മലപ്പുറം: അർജന്റീന ഫുട്‌ബോൾ ടീമിനും ലയണൽ മെസിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കായിക മന്ത്രി വി. അബ്ദുറഹ്മാൻ. അർജന്റീന ടീം കേരളത്തെ വഞ്ചിച്ചുവെന്നും പണം കൈപ്പറ്റിയ ശേഷം മത്സരം കളിക്കാൻ വരാതെ സംസ്ഥാനത്തെ കബളിപ്പിച്ചുവെന്നും മന്ത്രി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മെസിയും സംഘവും കേരളത്തിൽ കളിക്കണമെന്ന ആഗ്രഹത്തോടെ ഒട്ടേറെ ചർച്ചകൾ നടത്തിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ടീമിന് നൽകേണ്ട 250 കോടി രൂപ കണ്ടെത്താൻ സ്പോൺസർമാരെ ഏർപ്പാടാക്കിയത് ഏറെ പ്രയാസപ്പെട്ടാണെന്നും, എന്നാൽ പണം കൈപ്പറ്റിയ ശേഷം ടീം ചതിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
“വരാമെന്ന് ഏൽക്കുകയും പിന്നീട് വരാതിരിക്കുകയും ചെയ്യുന്നത് ഇത്തരമൊരു ലോകോത്തര ടീമിൽ നിന്ന് പ്രതീക്ഷിച്ചതല്ല. കേരളത്തിന് ഉണ്ടായ സമാനമായ അനുഭവം മറ്റ് അഞ്ച് രാജ്യങ്ങൾക്കും ഉണ്ടായിട്ടുണ്ട്.” – വി. അബ്ദുറഹ്മാൻ
അർജന്റീന ഫുട്‌ബോൾ അസോസിയേഷനെതിരെ കേസ് ഫയൽ ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു. ഉണ്ടായ നഷ്ടത്തിന് അവർ നഷ്ടപരിഹാരം നൽകേണ്ടി വരും. ഈ വഞ്ചന കേരളത്തിലെ ഫുട്‌ബോൾ പ്രേമികളെയാകെ നിരാശപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും മന്ത്രി മറുപടി നൽകി. താനൂർ വിട്ട് തിരൂരിലെത്തിയത് തോൽവി ഭയന്നല്ലെന്നും, അവിടെയുള്ള വികസന മുരടിപ്പ് മാറ്റണമെന്ന ജനങ്ങളുടെ അഭ്യർത്ഥന മാനിച്ചാണെന്നും അദ്ദേഹം പറഞ്ഞു. താനൂരിൽ താൻ ഇല്ലെങ്കിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]