ബെംഗളൂരു: മദ്യത്തിന്റെ വിപണി വിലയ്ക്ക് പകരം അതിലടങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ അളവ് (വീര്യം) അടിസ്ഥാനമാക്കി നികുതി ചുമത്തുന്ന പുതിയ രീതി നടപ്പിലാക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച കരട് വിജ്ഞാപനം സർക്കാർ പുറത്തിറക്കി.
ഈ പരിഷ്കാരം നടപ്പിലായാൽ ഇന്ത്യയിൽ പാശ്ചാത്യ രാജ്യങ്ങൾക്ക് സമാനമായി ‘ആൽക്കഹോൾ-ഇൻ-ബെവറേജ്’ (AIB) നികുതി സമ്പ്രദായം സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമായി കർണാടക മാറും.
നിലവിൽ എം.ആർ.പി അടിസ്ഥാനമാക്കിയുള്ള നികുതി സ്ലാബ് രീതിയാണ് സംസ്ഥാനത്തുള്ളത്. പുതിയ ആൽക്കഹോൾ-ബൈ-വോളിയം (ABV) രീതി വരുന്നതോടെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ (IML) വിലയിൽ 10 മുതൽ 20 ശതമാനം വരെ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് വൈൻ മെർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. ഗോവിന്ദരാജ് ഹെഗ്ഡെ പറഞ്ഞു. പ്രത്യേകിച്ച് സാധാരണക്കാർ ഉപയോഗിക്കുന്ന കുറഞ്ഞ വിലയുള്ള മദ്യങ്ങളെയാകും ഇത് കാര്യമായി ബാധിക്കുക.
പുതിയ നിർദ്ദേശപ്രകാരം മദ്യത്തിന്റെ വീര്യം കൂടുന്തോറും നികുതിയും വർദ്ധിക്കും. സംസ്ഥാനത്തെ എക്സൈസ് വരുമാനത്തിന്റെ 80 ശതമാനവും ലഭിക്കുന്ന ആദ്യ നാല് സ്ലാബുകളിലെ മദ്യത്തിന് ശരാശരി 42.8 ശതമാനം വീര്യമാണുള്ളത്. നിലവിൽ 80 മുതൽ 95 രൂപ വരെ വിലയുള്ള 180 മില്ലി ലിറ്റർ (ക്വാർട്ടർ) മദ്യക്കുപ്പിക്ക് പുതിയ നിയമം വരുന്നതോടെ 105 മുതൽ 110 രൂപ വരെ വില വർദ്ധിച്ചേക്കാം.
കഴിഞ്ഞ ആറ് പതിറ്റാണ്ടായി നിലനിൽക്കുന്ന എക്സൈസ് നയത്തിൽ നിന്നുള്ള വലിയൊരു മാറ്റമാണിത്. വരുമാന ശേഖരണം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നീക്കം നടത്തുന്നത്. എന്നാൽ സാധാരണക്കാരെ ബാധിക്കുന്ന ഈ വിലവർദ്ധന വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും അവർ അറിയിച്ചു. കരട് വിജ്ഞാപനത്തിന്മേൽ പൊതുജനങ്ങളിൽ നിന്നും വ്യാപാരികളിൽ നിന്നും ആക്ഷേപങ്ങളും നിർദ്ദേശങ്ങളും സർക്കാർ ക്ഷണിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]