ബെംഗളൂരു : എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ നൂറാമത്തെ വിമാനം പുറത്തിറക്കി സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. പുതിയ ബോയിങ് 737-8 വിമാനമാണ് നൂറാമത്തേതായി പുറത്തിറക്കിയത്.
കർണാടകയുടെ പരമ്പരാഗത ചുവർചിത്രകലയായ ‘ചിത്താര ടെയിൽ’ ആർട്ടാണ് നൂറാമത് വിമാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് സമൃദ്ധിയെയും ആഘോഷങ്ങളെയും പ്രതിനിധീകരിക്കുന്നു.
നൂറാം വിമാനത്തിന്റെ ഫ്ളാഗ് ഓഫ് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് മാനേജിങ് ഡയറക്ടർ അലോക് സിങ് നിർവഹിച്ചു.
ഹിൻഡൻ വിമാനത്താവളത്തിലേക്കാണ് ഫ്ളാഗ് ഓഫിനുശേഷം നൂറാമത് വിമാനം സർവീസ് നടത്തിയത്. ഇതോടെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ഹബ്ബായ ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് ആഴ്ചയിൽ 445-ലേറെ വിമാനസർവീസുകളായി.
2022 ജനുവരിയിൽ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തശേഷം എയർ ഇന്ത്യ എക്സ്പ്രസ് അതിവേഗം വളരുകയാണ്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ വളർച്ചയുടെയും മാറ്റത്തിന്റെയും സുപ്രധാന നാഴികക്കല്ലാണ് നൂറാം വിമാനത്തിന്റെ വരവെന്ന് എയർ ഇന്ത്യ മാനേജിങ് ഡയറക്ടർ അലോക് സിങ് പറഞ്ഞു.
ബാങ്കോക്ക്, ദിബ്രുഗഢ്, ദിമാപുർ, ഹിൻഡൺ, ജമ്മു, പട്‌ന, ഫുക്കറ്റ്, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് വിമാനസർവീസുകൾ ആരംഭിച്ചിട്ടുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ഓരോ പുതിയ വിമാനത്തിലും കസവ്, അജ്‌റക്, ബന്ധാനി, ബനാറസി, ജാപി, ജംദാനി, കലംകാരി, കാഞ്ചീവരം, കോലം, വാർളി തുടങ്ങി ഇന്ത്യയിലെ വിവിധ കലാപൈതൃകം ഉൾക്കൊള്ളിച്ചുള്ള ടെയിൽ ആർട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.