ബെംഗളൂരു : സിനിമയ്ക്കുമുൻപ് ദീർഘനേരം പരസ്യം പ്രദർശിപ്പിച്ചതിന് പിവിആർ. ഐനോക്സിന് പിഴയിട്ട ഉപഭോക്തൃകോടതിയുടെ ഉത്തരവ് ഈ മാസം 27 വരെ ഹൈക്കോടതി സ്റ്റേചെയ്തു.
അടുത്തതവണ വാദം കേൾക്കുന്നതുവരെ സ്റ്റേയുണ്ടായിരിക്കുമെന്ന് പറഞ്ഞ കോടതി, പരാതിക്കാരന് നോട്ടീസയച്ചു.2023-ൽ ‘സാം ബഹദുർ’ എന്ന സിനിമ തുടങ്ങുന്നതിനുമുൻപ് 25 മിനിറ്റ് നേരം പരസ്യം പ്രദർശിപ്പിച്ച് സമയംപാഴാക്കിയെന്ന് ചൂണ്ടിക്കാട്ടി എം.ആർ. അഭിഷേക് നൽകിയ ഹർജിയിലായിരുന്നു കഴിഞ്ഞമാസം ഉപഭോക്തൃകോടതി പിവിആർ ഐനോക്സിന് പിഴയിട്ടത്.
മാനസികബുദ്ധിമുട്ടുണ്ടാക്കിയതിനാൽ പരാതിക്കാരന് 20,000 രൂപയും കേസ് നടത്തിയതിലെ ചെലവിനായി 8,000 രൂപയും നൽകണമെന്നും അന്യായമായ നടപടികളിൽ ഏർപ്പെട്ടതിന് ഒരുലക്ഷം രൂപ പിഴയടയ്ക്കണമെന്നുമായിരുന്നു ഉത്തരവ്.
ഇതിനെതിരേ മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരസ്യം കാരണം സിനിമ വൈകിയാണ് തുടങ്ങിയതെന്നും അതിനാൽ, സിനിമയ്ക്കുശേഷം ജോലിക്കുപോകാൻ പദ്ധതിയിട്ടിരുന്നത് നടന്നില്ലെന്നും യുവാവ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.