ബെംഗളൂരു: കർണാടകയിലെ ഡി കെ ശിവകുമാർ മന്ത്രിസഭയിലെ ആദ്യ ഘട്ടത്തിലുള്ള 13 പുതിയ മന്ത്രിമാർക്ക് ഔദ്യോഗിക മുറികൾ അനുവദിച്ച് ഉത്തരവായി. വിധാൻ സൗധയിലെയും വികാസ് സൗധയിലെയും മുറികളാണ് മന്ത്രിമാർക്കായി നീക്കിവെച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. ബെംഗളൂരു നഗരവികസന വകുപ്പ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കാൻ ഒരുങ്ങിയ മുതിർന്ന നേതാവും ജലവിഭവ മന്ത്രിയുമായ രാമലിംഗ റെഡ്ഡിക്ക് വലിയ പരിഗണനയാണ് പുതിയ മുറി വിഭജനത്തിൽ ലഭിച്ചിരിക്കുന്നത്.
മന്ത്രി രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വിധാൻ സൗധയിൽ ആകെ നാല് മുറികളാണ് അദ്ദേഹത്തിനായി അനുവദിച്ചിട്ടുള്ളത്. 335, 336, 337, 337A എന്നീ മുറികളാണ് രാമലിംഗ റെഡ്ഡിക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയിരിക്കുന്നത്. ഡി.കെ. ശിവകുമാർ മുൻപ് ഉപമുഖ്യമന്ത്രിയായിരുന്ന (ഡിസിഎം) സമയത്ത് ഉപയോഗിച്ചിരുന്ന ഓഫിസ് സമുച്ചയം പിന്നീട് മുഖ്യമന്ത്രിയുടെ ഓഫിസായി നവീകരിച്ചിരുന്നു. ഈ പ്രധാനപ്പെട്ട മുറികളാണ് ഇപ്പോൾ മന്ത്രി രാമലിംഗ റെഡ്ഡിക്ക് വിട്ടുനൽകിയിരിക്കുന്നത് എന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ഏറെ ശ്രദ്ധേയമായിട്ടുണ്ട്. വരും ദിവസങ്ങളിൽ മറ്റ് മന്ത്രിമാർക്കുള്ള മുറി വിഭജനവും പൂർത്തിയാകുമെന്ന് ഭരണകൂടം അറിയിച്ചു.
ഏത് മുറി ആർക്കുള്ളതാണ്?
- പരമേശ്വര ഉപമുഖ്യമന്ത്രി (റവന്യൂ, യുവജന ശാക്തീകരണം) – വിധാൻ സൗധ 327/327a
- കെ.എച്ച്. മുനിയപ്പ, (ഭക്ഷ്യമന്ത്രി) – വിധാന സൗധ – 340a/341/341a
- കെ.ജെ. ജോർജ് (ഊർജ്ജവും ടൂറിസവും) – വിധാൻ സൗധ, 317/317a
- എം.ബി. പാട്ടീൽ, (വൻകിട, ഇടത്തരം വ്യവസായ മന്ത്രി) – വിധാൻ സൗധ – 344/344a
- രാമലിംഗറെഡ്ഡി, (ജലവിഭവ മന്ത്രി) – വിധാന സൗധ, 335/336/337/337എ
- സതീഷ് ജാർക്കിഹോളി, (പൊതുമരാമത്ത് മന്ത്രി) – വികാസ് സൗധ, 444/445
- കൃഷ്ണ ബൈരെ ഗൗഡ, മന്ത്രി – (ബെംഗളൂരു നഗരവികസന മന്ത്രി) വികാസ് സൗധ, 244/245
- പ്രിയങ്ക് ഖാർഗെ, (ആഭ്യന്തര വകുപ്പും ഐടിബിടിയും) – വികാസ് സൗധ, 242, 243
- യു.ടി.ഖാദർ, (ആരോഗ്യമന്ത്രി) – വിധാന സൗധ, 315/315എ
- ഈശ്വർ ഖണ്ഡ്രെ, (ഗ്രാമവികസന മന്ത്രി) – വികാസസൗധ, 36/37
- യതീന്ദ്ര സിദ്ധരാമയ്യ, (നഗരവികസന മന്ത്രി) – വിധാന സൗധ, 314/314a
- ശരൺ പ്രകാശ് പാട്ടീൽ, (മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി) – വികാസ് സൗധ. 344/345
- ബൈരതി സുരേഷ്, (ഗതാഗത മന്ത്രി) – വിധാന സൗധ, 316/316a
