കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തായത്. മദ്യം കഴിക്കുന്നതിന് പണം ലഭിക്കുന്നതിനായി ആറ് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛനും അമ്മയും മുത്തച്ഛനുമാണ് അറസ്റ്റിലായ പ്രതികൾ.
ജയ്ദേബ് ചൗധരി (അച്ഛൻ), സതി ചൗധരി (അമ്മ), കനായി ചൗധരി (മുത്തച്ഛൻ) എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയെ വിൽക്കുന്നതിതിന് മുത്തച്ഛൻ ഇടനിലക്കാരനായി പ്രവർത്തിച്ചതായി പൊലീസ് പറഞ്ഞു. വിറ്റ കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
പോലീസ് അന്വേഷിച്ചപ്പോൾ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മദ്യം വാങ്ങാൻ വിറ്റെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. അതിനാൽ അച്ഛനെയും അമ്മയെയും മുത്തച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തു.
ഈ ദമ്പതികളായ ജയ്ദേബ് ചൗധരിയും സതി ചൗധരിയും ദിവസം മുഴുവൻ മദ്യപിക്കുന്നത് പതിവാണ്. പലപ്പോഴും ഈ കുടുംബത്തിൽ കലഹങ്ങൾ ഉണ്ടാകാറുണ്ട്. ചില സമയങ്ങളിൽ അയൽക്കാരുമായി വഴക്കിടാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
എന്നാൽ, സ്വന്തം കുഞ്ഞിനെ വിൽക്കുന്ന നികൃഷ്ടമായ പ്രവൃത്തിയിലേക്ക് മദ്യത്തിന് അടിമപ്പെടുമെന്ന് ആരും കരുതിയിരിക്കില്ലന്നും പോലീസ് പറഞ്ഞു.
ഈ കേസിലെ പ്രധാന ലക്ഷ്യം, കുട്ടിയെ ആർക്ക് വിറ്റുവെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുക എന്നതാണ്.
ഇത് കൂടുതൽ അന്വേഷണത്തിനും കുട്ടിയെ രക്ഷിക്കുന്നതിനും ഇടയാക്കിയേക്കും. അറസ്റ്റിലായ മൂന്ന് പേരെയും ജില്ലാ കോടതിയിൽ ഹാജരാക്കുമെന്നും എല്ലാ പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയോട് അഭ്യർത്ഥിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.