ബെംഗളൂരു: വാഹന ഇടപാടുകളുമായി ബന്ധപ്പെട്ട് നഗരത്തിൽ തട്ടിപ്പുകൾ വർധിക്കുന്നു. ഉപയോഗിച്ച വാഹനങ്ങൾ വിൽക്കാൻ സഹായിക്കുന്ന വെബ്‌സൈറ്റിൽ പരസ്യം നൽകിയുള്ള തട്ടിപ്പുകളും വർധിച്ചുവരുകയാണ്.
വാഹനം വാങ്ങാൻ ഉപഭോക്താക്കളെത്തുമ്പോൾ പണം തട്ടിയെടുക്കുകയാണ് ഇത്തരം സംഘങ്ങളുടെ പതിവ്. വാഹനം വിൽക്കാനെത്തുന്നവരും തട്ടിപ്പിന് ഇരയായ സംഭവങ്ങൾ നഗരത്തിലുണ്ടായിട്ടുണ്ട്.
എന്നാൽ ഇപ്പോൾ നാട്ടിൽ നിന്ന് ബെൻസ് കാർ വാങ്ങാനെത്തിയ മലയാളിയിൽനിന്ന് കാർ ബ്രോക്കർ 20 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് അവസാനമായി പുറത്ത് വരുന്നത്. തിരുവനന്തപുരം സ്വദേശി ജെ. സുനിൽ കുമാർ ആണ് തട്ടിപ്പിനിരയായത്.
നാട്ടിൽ ബിസിനസ് നടത്തുന്ന സുനിൽകുമാർ സെക്കൻഡ് ഹാൻഡ് മേഴ്‌സിഡസ് ബെൻസ് കാർ വാങ്ങാൻ ഈ മാസം ആറിനാണ് സുഹൃത്തിനൊപ്പം നഗരത്തിലെത്തിയത്. നേരത്തേ കാർബ്രോക്കറെന്ന് പരിചയപ്പെടുത്തിയ രാജ്കുമാർ എന്നയാളാണ് ഇവരെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നത്.
കോറമംഗലയിലെ ഹോട്ടലിൽവെച്ച് സുനിൽകുമാർ രാജ്കുമാറുമായി കൂടിക്കാഴ്ച നടത്തുകയും 20 ലക്ഷം രൂപ കൈമാറുകയുമായിരുന്നു. ഇതോടെ കാറുമായി ഉടൻ തിരിച്ചെത്താമെന്നറിയിച്ച് രാജ്കുമാർ ഹോട്ടലിൽനിന്ന് പുറത്തേക്കു പോയി.
ഏറെനേരം കഴിഞ്ഞിട്ടും ഇയാൾ തിരിച്ചെത്താതായതോടെ മൊബൈലിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. സമീപപ്രദേശങ്ങളിൽ ഇയാൾക്കുവേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് സുനിൽകുമാറും സുഹൃത്തും ചേർന്ന് കോറമംഗല പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിവരുകയാണെന്ന് കോറമംഗല പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.